രസതന്ത്ര നൊബേല്‍ ലിഥിയം അയണ്‍ ബാറ്ററി വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്

Posted on: October 9, 2019 4:45 pm | Last updated: October 10, 2019 at 12:08 pm

സ്റ്റോക്ക്‌ഹോം: ഊര്‍ജ സംഭരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിന് മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ടെക്‌സസ് സര്‍വകലാശാലയിലെ ജോണ്‍ ബി ഗുഡ്‌നോഫ്, ബിംഗ്ഹാമ്ടണിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം, ആസാഹി കെയ്‌സി കോര്‍പ്പറേഷനിലെയും ജപ്പാനിലെ മെജോ സര്‍വകലാശാലയിലെയും അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 97 കാരനായ ജോണ്‍ ബി ഗുഡ്‌നോഫ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും കൂടുല്‍ പ്രായമുള്ളയാളാണ്.

റീചാര്‍ജ് ചെയ്യാവുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോരന്‍ ഹാന്‍സണ്‍ പറഞ്ഞു. ലിഥിയം അയണ്‍ ബാറ്ററികള്‍ നമ്മുടെ ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചുവെന്ന് സമിതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഭാരം കുറഞ്ഞതും റീചാര്‍ജ് ചെയ്യാവുന്നതും ശക്തിയേറിയതുമായ ഈ ബാറ്ററിക്ക് സൗരോര്‍ജ്ജം, കാറ്റ് എന്നിവയില്‍ നിന്ന് ഊര്‍ജം സംഭരിക്കാനും ഇതിലൂടെ ഫോസില്‍ ഇന്ധന രഹിത സമൂഹം സാധ്യമാക്കാനും കഴിയും. മൂന്ന് ഘട്ടങ്ങളിലൂടെ കടന്നാണ് ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തത്. 1970 കളില്‍ എണ്ണ പ്രതിസന്ധി കാലഘട്ടത്തില്‍ സ്റ്റാന്‍ലി വൈറ്റിംഗ്ഹാം ആണ് ലിഥിയം അയണ്‍ ബാറ്ററികളുടെ വികസനത്തിന് തുടക്കം കുറിച്ചത്. ആദ്യത്തെ ഫംഗ്ഷണല്‍ ലിഥിയം ബാറ്ററിയും അദ്ദേഹമാണ് വികസിപ്പിച്ചത്.

9 ദശലക്ഷം ക്രോണര്‍ (918,000 ഡോളര്‍) ക്യാഷ് അവാര്‍ഡ്, ഒരു സ്വര്‍ണ്ണ മെഡല്‍, ഡിപ്ലോമ എന്നിവയാണ് സമ്മാനങ്ങള്‍. ഡിസംബര്‍ 10 ന് സ്‌റ്റോക് ഹോമില്‍ അവര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് തുക മൂവരും തുല്യമായി പങ്കിടും.