അങ്ങനെ അതും കോപ്പിയടിച്ചു; റഹീം പൊന്നാടിന്റെ ‘ഭാഷാ നിരോധനം’ മറ്റൊരാളുടെ പേരില്‍

Posted on: October 7, 2019 10:24 pm | Last updated: October 8, 2019 at 1:18 pm

ചെമ്മാട്: സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രചരണം ലഭിച്ച യുവ കവിയുടെ കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ചര്‍ച്ചയാകുന്നു. ഒരു രാജ്യം ഒരു ഭാഷ എന്ന നയവുമായി ബന്ധപ്പെടുത്തി റഹീം പൊന്നാട് രചിച്ച ഭാഷാ നിരോധനമെന്നകവിതയാണ്  എസ് കെ എസ് എസ് എഫ് മുഖപത്രമായ സത്യധാര ദ്വൈവാരികയിലും മലപ്പുറം ജില്ലയിലെ പ്രമുഖ മതകലാലയത്തില്‍ നിന്ന് പുറത്തിറങ്ങുന്ന മാസികയുടെ ഒക്ടോബര്‍ ലക്കത്തിലും കോപ്പിയടിക്കപ്പെട്ടത്. സത്യധാരയില്‍ കവിതയുടെ വരികള്‍ കഥയായാണ് നല്‍കിയിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയും അര ഡസനിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത കവിത കോപ്പിയടിച്ചതിനെതിരെ രചയിതാവ് തന്നെയാണ് ഫേസ്ബുക്കില്‍ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം പതിനേഴിനാണ് റഹീം പൊന്നാട് കവിത ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിനുണ്ടായത്. നോട്ട് നിരോധന സമയത്തെ സമാനസാഹചര്യം ഭാഷകള്‍ നിരോധിച്ചാലുണ്ടാകുമെന്നതാണ് കവിതയിലെ പ്രമേയം.

ഭാഷാ നിരോധനത്തെ നോട്ട് നിരോധനവുമായി സാമ്യപ്പെടുത്തുന്ന കവിത പ്രശസ്ത കവി സച്ചിദാനന്ദനാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറമാണ് ഇത് പ്രസിദ്ധീകരിച്ചത്. എം ആര്‍ സിന്ധുവും വീണാ ഗുപ്തയും ചേര്‍ന്നാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹിന്ദി പരിഭാഷ ന്യൂസ് ക്ലിക്ക് പോര്‍ട്ടലും അവരുടെ യൂട്യൂബ് ചാനലും പ്രസിദ്ധീകരിച്ചു. തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തിയത് എന്‍ വേണുഗോപാലാണ്.

വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുന്നതിനെ കുറിച്ച് ‘സിറാജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ്, മാസികയില്‍ കവിത മറ്റൊരാളുടെ പേരില്‍ അച്ചടിക്കപ്പെടുന്നത്. രചയിതാവ് തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥി അല്ലെന്നും അബദ്ധം സംഭവിച്ചതില്‍ ഖേദമുള്ളതായും പ്രസാധകര്‍ പറഞ്ഞു.