പാലൊളി തൂകുന്ന ഒരു ജീവിതകഥ

ഇ എം എസ്, എ കെ ജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമി. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകൻ. ഇനിയുമെത്രയോ വിശേഷണങ്ങൾക്ക് അർഹനായ പാലോളി മുഹമ്മദ് കുട്ടിയുടെ ജീവിതകഥ
അതിഥി വായന- ചുവന്ന മണ്ണും നടന്ന പാതകളും • പാലോളി മുഹമ്മദ് കുട്ടി/പി സക്കീർ ഹുസൈൻ
Posted on: October 6, 2019 11:21 pm | Last updated: October 6, 2019 at 11:21 pm
ചുവന്ന മണ്ണും നടന്ന പാതകളും • പാലോളി മുഹമ്മദ് കുട്ടി/പി സക്കീർ ഹുസൈൻ

പെരുമാറ്റത്തിലും പ്രവർത്തനത്തിലും പാലൊളിയുടെ ധാവള്യം വെച്ച് പുലർത്തുന്ന നേതാവ്. രണ്ട് തവണ മന്ത്രിയായിട്ടും അഴിമതിയുടെ നിഴൽ പോലും വീഴാത്ത സാത്വികൻ. ഇ എം എസ്, എ കെ ജി, ഗൗരിയമ്മ തുടങ്ങിയ മുൻനിര നേതാക്കളുടെ പിൻഗാമി. ഉയിരും ഉശിരും പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജനനായകൻ. ഇനിയുമെത്രയോ വിശേഷണങ്ങൾക്ക് അർഹനായ പാലോളി മുഹമ്മദ് കുട്ടിയുടെ ജീവിതകഥ. അഭിമുഖ രൂപത്തിൽ അവതരിപ്പിക്കുന്ന കൃതിയാണ്, “ചുവന്ന മണ്ണും നടന്ന പാതകളും’. പി സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ കൃതി, പഠിക്കേണ്ടതും മാതൃകയാക്കേണ്ടതുമായ ഒരു ജീവിതത്തെ തുറന്നു വെക്കുന്നു.

ഇന്ന് കമ്മ്യൂണിസ്റ്റാവുക എന്നത് ക്ഷിപ്രസാധ്യം. മാത്രവുമല്ല, ഭരണത്തിന്റെ ശീതളച്ഛായയിൽ വളർന്ന് പന്തലിക്കുകയും ചെയ്യാം. എന്നാൽ പാലോളി മുഹമ്മദ് കുട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നുവന്ന കാലത്തെ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. 1946 ൽ വിദ്യാർഥിയായിരിക്കുമ്പോൾ സ്റ്റുഡൻസ് ഫെഡറേഷനിൽ അംഗത്വമെടുത്തു. അന്ന്, കമ്മ്യൂണിസ്റ്റ് അനുഭാവിയാവുക എന്നാൽ, കുടുംബത്തിൽ നിന്ന് പുറത്താക്കുക, സമുദായം ഭ്രഷ്ട് കൽപ്പിക്കുക തുടങ്ങിയ സാമൂഹിക ശിക്ഷകൾക്ക് വിധേയരാകേണ്ടിവരും. പാലോളിയും അത്തരം ശിക്ഷകൾക്ക് വിധേയനായി. അദ്ദേഹം പറയുന്നു: “കമ്മ്യൂണിസ്റ്റാകുന്നത് ഇസ്‌ലാമിന് എതിരാണ് എന്നതായിരുന്നു ഉമ്മാന്റെ വിചാരം. ഞാൻ പാർട്ടിയിൽ പോകുന്നതിനോടും ജാഥയിൽ പങ്കെടുക്കുന്നതിനോടും എതിർപ്പായിരുന്നു വാപ്പക്ക്. വാപ്പ എപ്പോഴും എന്നെ ഉപദേശിക്കും, പാർട്ടിയിൽ നിന്ന് വിട്ടുപോരാൻ. ഒരുഘട്ടത്തിൽ വാപ്പ എന്നോട് പറഞ്ഞു. “ഇനി വീട്ടിലേക്ക് കയറേണ്ട എന്ന്. അപ്പോൾ ഞാൻ ഞാൻ ഇറങ്ങിപ്പോന്നു’. (പേജ് 22)

നാടുവിട്ടുപോയതും പട്ടാളത്തിൽ ചേർന്നതുമൊക്കെ തുടർക്കഥ. പട്ടാളജീവിതം ഒരു കൊല്ലക്കാലത്തിനുശേഷം അവസാനിപ്പിച്ചു. വീണ്ടും നാട്ടിൽ വന്ന് പാർട്ടി പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി നടക്കുന്നതിനിടെ വാപ്പ മരിച്ചു. പാലോളി മൂത്ത മകനാണ്. പെങ്ങൾക്ക് വന്ന, നിശ്ചയിച്ചുറപ്പിച്ച ഒരു വിവാഹാലോചന, ഔപചാരികമായ നിശ്ചയത്തിന്റെ തലേദിവസം, വരന്റെ വീട്ടിൽനിന്ന് പെങ്കെട്ടുകാരൻ വന്നു പറഞ്ഞു നാളെ അവർ നിശ്ചയത്തിന് വരൂല എന്ന്. “അല്ല, ഇതെന്ത് മര്യാദയാണ്? കല്യാണം നിശ്ചയിച്ചിട്ട് ?… ഞങ്ങൾ ഈ രാജ്യത്തുള്ള ആളുകളോടൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. എന്നു പറഞ്ഞപ്പോൾ അയാൾ പറയുകയാണ്; പെണ്ണിന്റെ ആങ്ങള കമ്മ്യൂണിസ്റ്റാണ്. കമ്മ്യൂണിസ്റ്റുകാരന്റെ പെങ്ങളെ അവർക്കു വേണ്ട’. (പേജ് 101)

കുറച്ചു നേരത്തേക്ക് ഇത് പാലോളിയെ വല്ലാതെ വേദനിപ്പിച്ചു. “ഇത്രയും വേദനിപ്പിച്ച ഒരു സംഭവവും ഉണ്ടായിട്ടില്ല’ എന്നാണ് ഇതേക്കുറിച്ച് പാലോളി പ്രസ്താവിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞ് പെങ്ങൾക്ക് മറ്റൊരു കല്യാണാലോചന വന്നു, വിവാഹവും നടന്നു! പാലോളിയുടെ ആദ്യ വിവാഹവും വരൻ കമ്മ്യൂണിസ്റ്റാണെന്ന കാരണത്താൽ, ഭാര്യാ വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഉപേക്ഷിക്കേണ്ടിവന്നു !!
ഇതെല്ലാം ഇന്ന് കേൾക്കുമ്പോൾ തികച്ചും അവിശ്വസനീയമായി തോന്നും. പക്ഷേ തനി യാഥാർഥ്യങ്ങളായിരുന്നു അവ.

ജന്മിമാരുടെ വകയായി കുടിയൊഴിപ്പിക്കൽ, കൃഷി ഒഴിപ്പിക്കൽ, മർദനമുറകൾ, കള്ളക്കേസുകൾ, കൊലപാതകങ്ങൾ തുടങ്ങിയവ കമ്മ്യൂണിസ്റ്റ് അനുഭാവികൾക്കും പ്രവർത്തകർക്കുമെതിരേ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അതിനെയൊക്കെ അതിജീവിച്ചാണ്, മേധാ ശക്തിയുള്ള നേതാക്കളും ഊർജസ്വലരായ പ്രവർത്തകരും പാർട്ടിയെ കെട്ടിപ്പടുത്തത്. എ കെ ജി, ഇ എം എസ്, നായനാർ, കെ ആർ ഗൗരി… തുടങ്ങിയ ധാരാളം നേതാക്കളുടെ ആത്മകഥകൾ ഈ കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഒരു മുസ്‌ലിം സഖാവിന്റെ ജീവിത പ്രാരാബ്ദങ്ങളും അന്തഃസംഘർഷങ്ങളും വേണ്ടും വിധം മാലോകരറിഞ്ഞിട്ടില്ല. ഈ രംഗത്ത്, പാലോളിയേക്കാൾ സീനിയറും ശക്തനുമാണ് സഖാവ് ഇമ്പിച്ചി ബാവ. എം പിയും മന്ത്രിയുമൊക്കെയായിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മകഥയോ, ജീവചരിത്രമോ പ്രസിദ്ധീകരിക്കപ്പെട്ടതായി അറിവില്ല.

അഭിമുഖക്കാരന്റെ ഒരു ചോദ്യത്തിന്, പാലോളി നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. ഇതാണ് ഉത്തരം: “ചില ആളുകൾ ഉന്നതസ്ഥാനത്ത് വന്നാൽ അവരുടെ മക്കൾ അത് ദുരുപയോഗം ചെയ്ത് ആ വ്യക്തിക്കും അയാൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിനും ചീത്തപ്പേര് ഉണ്ടാക്കാറുണ്ട്. ഞാൻ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കാലം. എന്റെ മൂത്ത മകൻ ഹൈദരാലി ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയമാണത്. ബാപ്പയോട് പറഞ്ഞ് ആ കാര്യമൊന്ന് ശരിയാക്കണം എന്ന് ആളുകൾ അവനോട് വന്നു പറയും. നല്ല കാര്യം പറയും. നടക്കാത്ത കാര്യവും പറയും. ഒരിക്കലും നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യവും പറയും. ആവശ്യങ്ങൾ പറയുന്നതല്ലാതെ അവ ചെയ്യാൻ പറ്റുന്നതാണോ എന്ന് അപ്പോൾ ചിന്തിക്കാൻ പറ്റില്ലല്ലോ. പാർട്ടി കമ്മിറ്റി മുഖേന കിട്ടുന്നതൊക്കെ നമ്മൾ പരിശോധിക്കും. അവർ ഒരു പരിശോധന കഴിഞ്ഞിട്ടാണ് അങ്ങോട്ട് അയക്കുന്നത്. അതിനാൽ വല്ലാതെ തകരാർ ഉണ്ടാവില്ല. ഞാൻ മകനോട് പറഞ്ഞു, “ആളുകൾ കൊണ്ടുവന്നു തരുന്ന നിവേദനങ്ങളെല്ലാം നീ വാങ്ങി വെച്ചിട്ട് അത് നടപ്പാക്കാൻ കഴിയില്ല. നീ അവരോട് കാര്യം തുറന്നു പറയണം. ഇതിലെ പ്രായോഗിക പ്രയാസങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം’.

രണ്ട് മാസത്തെ ലീവിന് വന്നതായിരുന്നു അവൻ. 15 ദിവസം കഴിഞ്ഞപ്പോൾ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചുപോയി. ഗൾഫിൽ എത്തിയ ഉടനെ അവൻ എന്നോട് വിളിച്ചു പറഞ്ഞു, “ഉപ്പാ നാട്ടിൽ നിന്നാൽ ശരിയാകില്ല. ആളുകൾ ഓരോ കാര്യം വന്നു പറയുകയാണ്. സാധ്യമല്ല എന്ന് അവരോട് പറയാൻ എനിക്ക് കഴിയില്ല. നിങ്ങളാണെങ്കിൽ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെട്ടാൽ ദേഷ്യപ്പെടുകയും ചെയ്യും. അങ്ങനെ തിരിച്ചുപോന്നതാണ് ഞാൻ.

“നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണം വരും. അതിന് ഉത്തരം പറയേണ്ടി വരിക പാലോളി തറവാട്ടുകാരല്ലല്ലോ സംസ്ഥാനത്തുള്ള മുഴുവൻ പാർട്ടി സഖാക്കളുമാണ്. വലിയ ശ്രദ്ധ എപ്പോഴും ആ കാര്യത്തിൽ വേണം. അതില്ലാതെ പിശക് പറ്റുന്നതിന്റെ പരുക്ക് പാർട്ടിക്ക് പറ്റുന്നുണ്ട്’. (പേജ് 54)
ഒരുപാട് കാര്യങ്ങളിൽ, പാലോളിയുമായുള്ള അഭിമുഖം സുവ്യക്തവും സുദൃഢവുമാണ്. കേവലം 112 പേജുള്ള ഈ കൊച്ചു പുസ്തകം ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രിസിദ്ധീകരിച്ചത്. വില 105 രൂപ.

ടി ആർ തിരുവഴാംകുന്ന്
[email protected]