Connect with us

Articles

അവരെ വീടുകളിലേക്ക് പറിച്ചുനടുകയാണ്‌

Published

|

Last Updated

സ്വന്തമായി വാസയോഗ്യമായ വീടുണ്ടാകുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ഒട്ടേറെ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം മൂന്ന് കോടിയിലധികമാണെന്നാണ് ഔദ്യോഗിക കണക്ക്. സ്വന്തമായി ഭൂമിയില്ലാത്തവരും ഒരു സംസ്ഥാനത്തും സ്ഥിരമായി താമസിക്കാത്തവരുമായ നാട് മുഴുവന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നവരെ കൂടി കണക്കിലെടുത്താല്‍ രാജ്യത്തെ ഭവനരഹിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളുടെ ഇരട്ടിയോളം വരും.

എട്ടര കോടിയോളം ജനസംഖ്യയുള്ള ബീഹാറാണ് രാജ്യത്തെ എറ്റവും കൂടുതല്‍ ഭവനരഹിതരുള്ള സംസ്ഥാനം. 65 ലക്ഷത്തോളം കുടുംബങ്ങളാണ് ബീഹാറില്‍ ഭവനരഹിതരായിട്ടുള്ളത്.

2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഭവനരഹിതരില്ലാത്ത ഏക സംസ്ഥാനമാണ് മിസോറാം. മറ്റു സംസ്ഥാനങ്ങളിലുള്ളത് പോലെ കേരളത്തിലും ഭവനരഹിതര്‍ ഏറെയാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഭവന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഏറെ മുന്നിലാണ്. കേന്ദ്ര പദ്ധതികള്‍ക്ക് പുറമെ നിരവധി പാര്‍പ്പിട പദ്ധതികളും കേരളം നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഭവന പദ്ധതിയാണ് ലൈഫ് മിഷന്‍.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതോടൊപ്പം ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭവന പദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിട മിഷന്‍ രൂപവത്കരിച്ചിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയിരുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിച്ച പ്രതിപക്ഷ എം എല്‍ എമാരൊക്കെയും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിക്കുന്നതില്‍ മത്സരിക്കുന്നതാണ് ജനങ്ങള്‍ കണ്ടത്. ലൈഫിന്റെ ലൈഫില്‍ പോലും യാതൊരു ഉറപ്പുമില്ലെന്നും പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ തനിക്ക് കിടക്കപ്പായയില്‍ പൊറുതിയില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നുമായിരുന്നു ലീഗ് എം എല്‍ എ. പി കെ ബഷീര്‍ നിയമസഭയില്‍ വിളിച്ച് പറഞ്ഞത്. അതേസമയം, കോണ്‍ഗ്രസും ലീഗും ഭരിച്ച് കൊണ്ടിരിക്കുന്ന മിക്ക പഞ്ചായത്തുകളിലും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര അവഗണിക്കുകയും അനര്‍ഹരെ തിരുകി കയറ്റുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്ന ആരോപണമായിരുന്നു ഇടതുപക്ഷം ഉന്നയിച്ചിരുന്നത്.
2015ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം ഭവനരഹിതരായ കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ 1.58 ലക്ഷം ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്.

മുന്‍കാല സര്‍ക്കാറുകള്‍ നടപ്പാക്കിയ ഭവന പദ്ധതികളത്രയും സ്വന്തമായി മൂന്ന് സെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഉപകരിച്ചിരുന്നത്. എന്നാല്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭൂമിയും വീടും ലഭിച്ച് കൊണ്ടിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമേറ്റെടുത്ത ഉടനെ തന്നെ സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രശ്‌നത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാവുന്നതാണ്. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ച് നല്‍കാന്‍ ആറായിരം ഹെക്ടര്‍ (15000 ഏക്കര്‍) ഭൂമി ആവശ്യമാകും എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍ ഭവനരഹിതര്‍ക്ക് പല ഇടങ്ങളില്‍ മൂന്ന് സെന്റ് വീതം ഭൂമി കണ്ടെത്തി അതില്‍ വീട് നിര്‍മിച്ച് നല്‍കുന്നതിന് പകരം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യത ഇല്ലാതാക്കാന്‍ സര്‍ക്കാറിന് സാധിച്ചിരിക്കുന്നു. ലൈഫ് മിഷന്‍ പദ്ധതി വിജയിക്കാനുള്ള പ്രധാന കാരണവും അത് തന്നെയാണ്.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇതിനകം ഒരു ലക്ഷത്തി മുപ്പതിനായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് (130375) വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചിരിക്കുന്നു. കേരളത്തില്‍ ഭരണം നടത്തിയിട്ടുള്ള മുന്‍കാല ഇടത്-വലത് സര്‍ക്കാറുകള്‍ക്കൊന്നും തന്നെ തങ്ങളുടെ ഭരണ കാലയളവില്‍ ഇത്രയും വീടുകള്‍ നിര്‍മിച്ച് നല്‍കിയതായി അവകാശപ്പെടാന്‍ സാധ്യമല്ല.
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ എല്ലാ ജില്ലകളിലും ഫ്‌ളാറ്റ് മോഡല്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് തൊഴില്‍ വകുപ്പ്മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജില്ലാതലത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിന് പകരമായി ഓരോ പഞ്ചായത്തിനും വാര്‍ഡ് തലത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്താല്‍ പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി തന്നെ കേരളത്തിലെ പാര്‍പ്പിട പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടും.

സംസ്ഥാനത്ത് നിലവില്‍ 941 ഗ്രാമ പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡിലും ചുരുങ്ങിയത് 50 കുടുംബങ്ങള്‍ക്കെങ്കിലും താമസിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചാല്‍ തന്നെയും സംസ്ഥാനത്ത് 7,98,100 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കാനാകും. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്കും അതുവഴി പരിഹാരം കാണാനുമാകും.

അതേസമയം, വാര്‍ഡ്തലത്തില്‍ നിര്‍മിക്കപ്പെടുന്ന ഫ്‌ളാറ്റുകള്‍ക്ക് ആവശ്യമായ ഭൂമിയുടെ വില സര്‍ക്കാര്‍ നല്‍കുകയും കെട്ടിടത്തിന് ചെലവ് വരുന്ന പണം എത്രയെന്ന് കണക്കാക്കി ഓരോ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം ലഭ്യമാക്കുകയും (വിദ്യാഭ്യാസ ലോണ്‍ മാതൃകയില്‍ ) തവണ വ്യവസ്ഥയില്‍ തിരിച്ചടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാറിനും കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാനാകും. മാത്രമല്ല, രാഷ്ട്രീയ താത്പര്യം പരിഗണിച്ച് അനര്‍ഹരെ തിരുകി കയറ്റുന്ന രീതി അവസാനിപ്പിക്കാനുമാകും.

നിലവില്‍ വിവിധ മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സന്നദ്ധ സംഘടനകളും വ്യക്തികളും വ്യവസായികളുമെല്ലാം പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി കാര്യമായി ഇടപെട്ട് കൊണ്ടിരിക്കുന്നുണ്ട്. വാര്‍ഡ്തലത്തില്‍ നിര്‍മിക്കപ്പെടുന്ന ഫ്‌ളാറ്റുകളില്‍ അവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്താന്‍ കഴിയും.
അങ്ങനെ സംഭവിക്കുന്ന പക്ഷം, സ്വന്തമായി ഭൂമിയും പണവും ഇല്ലാത്തവരും സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാറിന്റെ ഭവന പദ്ധതികളില്‍ ഉള്‍പ്പെടാന്‍ കഴിയാത്തവരുമായ കേരളത്തിലെ അനേകം കുടുംബങ്ങളുടെ സ്വന്തമായ ഭവനമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുമാകും.

Latest