Connect with us

Kerala

ബന്ധുക്കളായ ആറുപേരുടെ ദുരൂഹ മരണം: മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പരിശോധിക്കും

Published

|

Last Updated

കോഴിക്കോട്: ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ മൃതദേഹങ്ങള്‍ ഇന്ന് കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിക്കും. മരണങ്ങള്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ആരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കോടതി അനുമതിയോടെ പരിശോധന നടത്തുന്നത്.

2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ ഹരിദാസ് പറഞ്ഞു. ടോം തോമസിന്റെ മകന്‍, യു എസില്‍ താമസിക്കുന്ന റോജോ ആണ് മരണങ്ങളില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയിട്ടുള്ളത്.

വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരനും പുലിക്കയം സ്വദേശിയുമായ റിട്ട. അധ്യാപകന്‍ പൊന്നാമറ്റം സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ ഒന്നര വയസ്സുള്ള കുഞ്ഞ് അല്‍ഫോണ്‍സ് എന്നിവരാണ് മരിച്ചത്.

കൂടത്തായി സെമിത്തേരിയിലാണ് ഇവരില്‍ നാലുപേരെ സംസ്‌കരിച്ചത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലും. കൂടത്തായി സെമിത്തേരിയില്‍ സംസ്‌കരിച്ചവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുറത്തെടുത്തു പരിശോധിക്കുക. ആവശ്യമെങ്കില്‍ കോടഞ്ചേരിയിലെ കല്ലറയിലുള്ള മൃതദേഹങ്ങളും പരിശോധിക്കും. റൂറല്‍ എസ് പി. കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും ആര്‍ ഡി ഒ, തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുക. ഇവിടെ വച്ചു തന്നെ ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തും.

2002ല്‍ ആഗസ്റ്റ് 22ന് അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008 ആഗസ്റ്റ് 26ന് ഛര്‍ദിച്ച് അവശനായി ഭര്‍ത്താവ് ടോം തോമസും മരിച്ചു. 2011 സെപ്തംബര്‍ 30ന് ഇവരുടെ മകന്‍ റോയ് തോമസും തുടര്‍ന്ന് ബന്ധു മാത്യു, ഷാജുവിന്റെ കുഞ്ഞ് അല്‍ഫോണ്‍സ് എന്നിവരും മരിച്ചു. ആറു മാസത്തിനു ശേഷം സിലിയും മരണപ്പെട്ടു. ഇവരെല്ലാവരും മരിച്ചത് ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണെന്നതാണ് സംശയത്തിനിടയാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest