Connect with us

Kozhikode

മുസ്‌ലിം ലീഗ് പൗരാവകാശ സംരക്ഷണ റാലി നടത്തി

Published

|

Last Updated

“ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ” എന്ന മുദ്രാവാക്യവുമായി മുസ്്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലി

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടും തൃശൂരും പൗരാവകാശ സംരക്ഷണ റാലി സംഘടിപ്പിച്ചു.
“ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ” എന്ന മുദ്രാവാക്യവുമായി മുസ്്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ക്യാമ്പയിനിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി റാലികൾ സംഘടിപ്പിച്ചത്.
കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്ന് പ്രമുഖ നേതാക്കൾ അണി നിരന്ന റാലി വൈകുന്നേരം അഞ്ച് മണിയോടെ കടപ്പുറത്ത് സമാപിച്ചു. ശേഷം നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

മോദി ഭരണത്തിൽ മനുഷ്യന് വിലയില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ രജിസ്റ്റർ കൊണ്ടു വരുമെന്ന അമിത്ഷായുടെ പ്രഖ്യാപനം വളരെ കരുതലോടെയാണ് ലീഗ് കാണുന്നത്.
ഇന്ത്യക്കാരെല്ലാവരും അന്തസ്സുള്ളവരാണെന്നും രാജ്യം ആർക്കും തീറെഴുതി നൽകിയിട്ടില്ലെന്നും മോദിയും അമിത്ഷായും ഓർക്കണമെന്നും തങ്ങൾ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുൽ വഹാബ് എം പി, കെ പി എ മജീദ്, എം പി അബ്ദുസ്സമദ് സമദാനി, ഡോ. എം കെ മുനീർ, കെ എം ഷാജി എം എൽ എ, പി കെ കെ ബാവ പങ്കെടുത്തു.
കോഴിക്കോട്ടെ റാലിയിൽ അസമിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ മുഹമ്മദ് അജ്മൽ ഹഖും തമിഴ്‌നാട് എം എൽ എ. എം എ സുബ്രഹ്മണ്യനും മുഖ്യാതിഥികളായിരുന്നു.

“ബി ജെ പിക്ക് കേരളത്തിൽ വേരോട്ടമുണ്ടാകില്ല”

കോഴിക്കോട്: ബി ജെ പിക്ക് കേരളത്തിൽ വേരോട്ടമുണ്ടാകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഉപതിരഞ്ഞെടുപ്പിൽ മൂന്നും നാലും സീറ്റുകൾ കിട്ടുമെന്നാണ് ബി ജെ പി നേതാക്കൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അത് വേവില്ല. ഇന്ത്യയിൽ സാമ്പത്തിക രംഗം അതിവേഗം തകരുകയാണ്. ഇതിനൊപ്പം ബി ജെ പിയും കരിഞ്ഞുപോകുമെന്നും ഗാന്ധിജിയെ കൊലപ്പെടുത്തിയവർ അദ്ദേഹത്തിന്റെ ജൻമദിനം ആഘോഷിക്കുന്നത് വിരോധാഭാസമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.