പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു

Posted on: September 30, 2019 4:31 pm | Last updated: September 30, 2019 at 11:14 pm

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐക്ക് വിട്ടു. കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് കോടതി ഉത്തരവ്.പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ (24), കൃപേഷ് (19) എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.

കേസ് അന്വേഷിച്ചതിലും തെളിവ് ശേഖരിച്ചതിലും എല്ലാം അന്വേഷണ സംഘത്തിന് ഗുരുത വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാണിച്ചു. പ്രതികളെ വിശ്വാസത്തില്‍ എടുത്താണ് അന്വേഷണം സംഘം പ്രവര്‍ത്തിച്ചത്. അഞ്ചാം പ്രതിയുടെ മൊഴി അന്വേഷണ സംഘം വേദവാക്യമായി കണക്കിലെടുത്തതായി കോടതി നിരീക്ഷിച്ചു. കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടതാണ് കേസില്‍ വീഴ്ച സംഭവിക്കാന്‍ കാരണമെന്ന പരാമര്‍ശവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. പ്രതികളുടെ രാഷ്ട്രീയ ചായ്‌വ് അന്വേഷണ വിധേയമാക്കണം. കൃത്യം നടത്തിയ ശേഷം പ്രതികള്‍ സിപിഐഎം ഓഫീസിലേക്കാണ് പോയതെന്നത് അന്വേഷിക്കപ്പെടേണ്ട കാര്യമാണന്നും കോടതി ചൂണ്ടിക്കാട്ടി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്!ലാല്‍, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് മെയ് 20ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ 900 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു.

എന്നാല്‍ സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും കാണിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന, കേന്ദ സര്‍ക്കാറുകളെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി.