Connect with us

Business

ഉള്ളി വില കുതിക്കുന്നു; കയറ്റുമതി നിരോധിച്ചു

Published

|

Last Updated

ന്യൂഡൽഹി: വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി നിരോധിച്ചത്. എല്ലാ തരത്തിലുമുള്ള ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ഉള്ളി സംഭരണത്തിനും നിയന്ത്രണമേർപ്പെടുത്തി. മൊത്ത വിൽപ്പനക്കാർക്ക് അഞ്ഞൂറ് ക്വിന്റൽ വരെയും ചില്ലറ വിൽപ്പനക്കാർക്ക് നൂറ് ക്വിന്റൽ വരെയും ഉള്ളി സംഭരിക്കാൻ മാത്രമേ അനുവാദമുള്ളൂ. പൂഴ്ത്തിവെപ്പ് തടയുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.

ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉള്ളി വില കിലോഗ്രാമിന്70- 80 രൂപ വരെ എത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഇടപെടൽ. ബെംഗളൂരു, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അറുപത് രൂപ വരെയാണ് ഉള്ളി വില. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ രീതിയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. ആഭ്യന്തര വിപണി പ്രോത്സാഹിപ്പിക്കുന്നതിനായി കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 850 യു എസ് ഡോളറായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) നേരത്തേ നിശ്ചയിച്ചിരുന്നു.

ഉള്ളി മൊത്ത വിപണിയിൽ ക്വിന്റലിന് ആയിരം രൂപ വർധിച്ച് നാലായിരം രൂപയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം കിലോഗ്രാമിന് 25 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ മൺസൂൺ മഴ അധികമായി ലഭിച്ചത് കൃഷിനാശത്തിനിടയാക്കിയതാണ് ഉള്ളി വിതരണം കുറച്ചത്. ഇതിന് പുറമേ നവരാത്രി, ദീപാവലി എന്നീ ആഘോഷങ്ങളുടെ ഭാഗമായി പൂഴ്ത്തിവെപ്പും വില വർധിപ്പിക്കുന്നതിനിടയാക്കിയിട്ടുണ്ട്.

കേന്ദ്രം സംഭരിച്ചുവെച്ച 56,000 ടൺ ഉള്ളിയിൽ നിന്ന് വില നിയന്ത്രിക്കുന്നതിനായി 16,000 ടൺ വിപണിയിൽ ഇറക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളായ നാഫെഡ്, നാഷനൽ കോ ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ വഴി കിലോക്ക് 22- 23 രൂപ വിലക്ക് ഉള്ളി വിൽപ്പന നടത്തുന്നുണ്ട്. സംസ്ഥാന സർക്കാറുകളും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Latest