15 ഏക്കറില്‍ കൂടുതലുള്ള കരിങ്കല്‍ ക്വാറികള്‍ വ്യാവസായിക ഭൂമിയല്ല: സുപ്രീം കോടതി

Posted on: September 30, 2019 12:46 pm | Last updated: September 30, 2019 at 7:59 pm

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വന്‍കിട ക്വാറി ഉടമകളെ വെട്ടിലാക്കി സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 15 ഏക്കറില്‍ കൂടുതല്‍ വിസ്തൃതിയുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭൂ പരിഷ്‌ക്കരണത്തില്‍ വന്‍കിട വ്യവസായങ്ങള്‍ക്കുള്ള ഇളവ് ക്വാറികള്‍ക്ക് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 15 ഏക്കറില്‍ കൂടുതല്‍ ക്വാറി ഭൂമിയുള്ള നിരവധി ഉടമകള്‍ കേരളത്തിലുണ്ട്. ഈ ഭൂമിക്ക് മേല്‍ ഇവരുടെ അവകാശം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലള്ള വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഇനി ഒരു വ്യക്തിക്ക് കൈവശം വെക്കാനാകില്ല.

പുതിയ ക്വാറികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെച്ചൊല്ലിയുള്ള വാഗ്വാദം നിലനില്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പുതിയ വിധിയെന്നത് ശ്രദ്ധേയമാണ്.