Connect with us

Ongoing News

തിന്മകൾക്കെതിരെ സാഹിത്യകാരൻമാർ പ്രതികരിക്കണം: കാന്തപുരം

Published

|

Last Updated

ചാവക്കാട്: രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ തത്വത്തിൽ ജീവിക്കുന്നവരാണ് നാം ഇന്ത്യക്കാർ.
മഹാത്മാ ഗാന്ധിയും മൗലാനാ മുഹമ്മദലിയും മൗലാനാ ശൗക്കത്തലിയുമുൾപ്പെടെയുള്ള മഹാൻമാർ നേടിയെടുത്ത സ്വാതന്ത്ര്യമുണ്ട് ഇന്ത്യാ രാജ്യത്തിന്.
ഇസ്‌ലാമിക സംസ്‌കാരവും നായർ സംസ്‌കാരവും നമ്പൂതിരി സംസ്‌കാരവും ഈഴവ സംസ്‌കാരവുമെല്ലാമായി വ്യത്യസ്ത സംസ്‌കാരങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.

ഇന്ത്യാ രാജ്യത്തെ മനുഷ്യർ എല്ലാവർക്കും അതിനെല്ലാമനുസരിച്ച് ജീവിക്കാനുള്ള സംസ്‌കാരവും ചിട്ടയും ഇവിടെയുണ്ട്. അത്തരത്തിലുള്ള വിവിധ ഭാഷകളും സംസ്‌കാരങ്ങളും നിലനിൽക്കണം. അതിനെ തകർക്കുന്ന ഒരു പ്രവണതയും ഇവിടെ ഉണ്ടായിക്കൂടാ.
വളർന്നു വരുന്ന പുതിയ പ്രതിഭകൾ തിന്മകൾക്കെതിരെ പ്രതികരിക്കണം. വാളും പരിചയും ബോംബും തോക്കുമെടുത്തല്ല പോരാടേണ്ടത്. അത് മുഹമ്മദ് നബി പഠിപ്പിച്ച രീതിയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാർഗത്തിൽ ആത്മീയ ചൈതന്യതയിൽ നിന്ന് കൊണ്ടാകണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

---- facebook comment plugin here -----