സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

Posted on: September 29, 2019 11:12 pm | Last updated: September 29, 2019 at 11:12 pm

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ കൂത്താട്ടുകുളം പോലീസ് അറസ്റ്റുചെയ്തു. പെരുവ സ്വദേശി ആകാശ്(21)ആണ് പൊലീസിന്റെ പിടിയിലായത്. പെരുവയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്‌കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെണ്‍കുട്ടി. ബൈക്കിലെത്തിയ ആകാശ് പെണ്‍കുട്ടിയുടെ സമീപത്ത് ബൈക്ക് നിര്‍ത്തുകയും നിലത്ത് വീണുപോയ മൊബൈല്‍ എടുത്തുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഫോണ്‍ എടുത്തുനല്‍കുന്നതിനിടെ ഇയാള്‍ സ്‌കൂള്‍ ബാഗില്‍ ബലമായി പിടിച്ചുവലിക്കുകയും ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റുകയും ചെയ്തു.

ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെണ്‍കുട്ടി വേഗത കുറഞ്ഞ സമയം ബൈക്കില്‍ നിന്നും ചാടി. രക്ഷപ്പെട്ട പെണ്‍കുട്ടി നാട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. ഇതേസമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്റെ നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

സുഹൃത്തിന്റെ ബൈക്കുമായാണ് ആകാശ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. ബൈക്ക് ഉടമയായ സുഹൃത്തിന്റെ സഹായത്തോടെയാണ് പോലീസ് വീട്ടിലെത്തി ആകാശിനെ പിടികൂടുകയായിരുന്നു. പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനല്‍ കേസുകള്‍ ആകാശിനെതിരെയുള്ളതായി പോലീസ് പറഞ്ഞു.