ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയോടുള്ള ആദരവ് കൂടി: പ്രധാനമന്ത്രി

Posted on: September 28, 2019 10:43 pm | Last updated: September 29, 2019 at 1:06 pm

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയോടുള്ള ആദരവ് വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014ന് ശേഷം താന്‍ ഇപ്പോഴാണ് ഐക്യാരാഷ്ട്ര സഭയിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ വലിയ മാറ്റമാണ് കാണാനായത്. ഇന്ത്യയോടുള്ള ആധരവും ബഹുമാനവും വര്‍ധിച്ചു. 130 കോടി ജനങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ മോദിക്ക് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും നല്‍കിയ സ്വീകരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷം മുമ്പ് ഇത് പോലെ ഒരു രാത്രിയിലാണ് ഇന്ത്യ പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയത്. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുമ്പില്‍ ളിയിക്കുന്ന നടപടിയായിരുന്നു അത്. മിന്നലാക്രമണം നടക്കുന്ന രാത്രി താന്‍ ഉറങ്ങിയിരുന്നില്ലെന്നും മോദി പറഞ്ഞു.
ഹുസ്റ്റണിലെ ഹൗഡി മോഡി പരിപാടി വലിയ വിജയമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റും ഡെമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ട്ടി നേതാക്കളും പ്രവാസി ഇന്ത്യക്കാരുമെല്ലാം സംബന്ധിച്ചച്ചുവെന്നും മോദി പറഞ്ഞു.

ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയുടെ നേതൃത്വത്തില്‍ നൂറ്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മോദിയെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്ത് എത്തിയത്. വിമാനത്താവളത്തിന് പുറത്തെത്തിയ മോദി തുടര്‍ന്ന് നടന്ന സ്വീകരണ യോഗത്തില്‍ ഇതിന് പ്രവര്‍ത്തകരോട് നന്ദിയും പറഞ്ഞു.