Connect with us

National

ഭീഷണി പ്രസംഗം: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബീഹാര്‍ കോടതി കേസെടുത്തു

Published

|

Last Updated

പട്‌ന: ഇന്ത്യയ്‌ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിനും ആണവയുദ്ധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഇന്ത്യന്‍ കോടതി കേസെടുത്തു. പ്രാദേശിക അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജി പരിഗണിച്ച് ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ല ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഖാനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവിടണമെന്ന് പരാതിക്കാരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഒരു വിഭാഗം ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ഫ്യൂ പിന്‍വലിക്കുമ്പോഴെല്ലാം ജമ്മു കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് യുഎന്‍ പൊതുസഭയില്‍ സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 14 ലെ കശ്മീരിലെ ചാവേര്‍ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് “മറ്റൊരു പുല്‍വാമ ഉണ്ടാകും, തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തും” എന്നും പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളെ വംശീയ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നതെന്നും ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു.