എസ്എന്‍ഡിപി മാത്രമല്ല പാലാ ബിഷപ്പും കാപ്പനെയാണ് അനുകൂലിച്ചത്: വെള്ളാപ്പള്ളി നടേശന്‍

Posted on: September 28, 2019 11:37 am | Last updated: September 28, 2019 at 3:11 pm

തിരുവനന്തപുരം: പാലായില്‍ എസ്എന്‍ഡിപി മാത്രമല്ല പാലാ ബിഷപ്പു പോലും മാണി സി കാപ്പനെയാണ് അനുകൂലിച്ചതെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. പാലായിലെ വിജയം ഇടതു സര്‍ക്കാറിനുള്ള അംഗീകാരമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

പാലായിലെ ഫലം ഇടതു സര്‍ക്കാറിനുള്ള വിലയിരുത്തലാകുമെന്ന് പല രാഷ്ട്രീയക്കാരും പറഞ്ഞിരുന്നു. അത് അംഗീകരിക്കാന്‍ ഇപ്പോള്‍ അവര്‍ തയ്യാറാകണം. പാലായിലെ വിജയം സര്‍ക്കാറിനുള്ള വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. പാലാ ബിഷപ്പിന് പോലും കേരള കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. ജോസ് കെ മാണിക്ക് നേതൃപാടവമില്ലെന്ന് അണികള്‍ പോലും പറഞ്ഞു. അഹങ്കാരികള്‍ പുറത്തുനില്‍ക്കട്ടെയെന്നും കാപ്പന്‍ അകത്ത് നില്‍ക്കട്ടെയെന്നും ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ജനം കഴുതകളാണെന്ന് രാഷട്രീയക്കാര്‍ കരുതരുത്. അരൂരിലെ ജയപരാജയ സാധ്യത ഇപ്പോള്‍ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു