കേരള രാഷ്ട്രീയം എല്‍ഡിഎഫിനൊപ്പം; പാലായിലെ വിജയം ആവര്‍ത്തിക്കും: കോടിയേരി

Posted on: September 27, 2019 2:25 pm | Last updated: September 28, 2019 at 10:54 am

തിരുവനന്തപുരം: എല്‍ഡിഎഫിന് അനുകൂലമായ രാഷട്രീയ കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറിയെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് കോട്ടയായ പാല തന്നെ പിടിച്ചെടുക്കാനായത് ഇതിന് തെളിവാണ്. വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഊര്‍ജ്ജം നല്‍കുന്ന ജനവിധിയാണ് പാലയിലുണ്ടായിരിക്കുന്നതെന്നും കോടിയേരി പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തോട് പ്രതികരിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിപരീതമായാണ് ജനവിധിയെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി വോട്ടര്‍മാര്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെയല്ലെന്നും മനസിലായില്ലേയെന്നും ചോദിച്ചു.

യുഡിഎഫ് വന്‍തോക്കുകള്‍ ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ബിജെപി വോട്ടുകള്‍ വിലക്കെടുക്കുകയും ചെയ്തിട്ടും യുഡിഎഫിന് ഗുണമുണ്ടായില്ല. ബിഡിജെഎസിന്റെ പിന്തുണ എന്‍ഡിഎക്കായിരുന്നെങ്കിലും എസ്എന്‍ഡിപിയുടെ പിന്തുണ മാണി സി കാപ്പനായിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

ജനവിധിയില്‍ യുഡിഎഫ് പൂര്‍ണ്ണമായു തകര്‍ന്നു. സര്‍ക്കാര്‍ അനുകൂല ജനവിധിയാണ് പാലായിലേത്. ശബരിമല പ്രഭാവം തണുത്തുവെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇനിയുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല ചര്‍ച്ചയാകില്ലെന്നും വ്യക്തമാക്കി.