പാലായിൽ വിധി ഇന്ന്; ആദ്യ ഫല സൂചനകൾ 8.30ന്

Posted on: September 27, 2019 5:30 am | Last updated: September 27, 2019 at 11:31 am

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. പാലാ കാർമൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 8.30ന് ആദ്യ ഫല സൂചനകൾ പുറത്തുവരും. പത്ത് മണിയോടെ പൂർണമായ ഫലം ലഭിക്കും.

വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് മുതൽ എട്ട് വരെ മേശകളിൽ 13 റൗണ്ടും ഒന്പത് മുതൽ 14 വരെ മേശകളിൽ 12 റൗണ്ടുമാണ് വോട്ടെണ്ണൽ നടക്കുക. പോസ്റ്റൽ വോട്ടുകളും ഇ ടി പി ബി സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക.

176 പോളിംഗ് സ്റ്റേഷനുകളിലെയും ഇ വി എം കൗണ്ടിംഗിന് ശേഷം അഞ്ച് പോളിംഗ് സ്റ്റേഷനിലെ വി വി പാറ്റ് സ്ലിപ്പുകൾ എണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണുന്നതിനുള്ള വി വി പാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക. ഇ വി എം, വി വി പാറ്റ് സ്ലിപ്പുകൾ എന്നിവ എണ്ണിത്തിട്ടപ്പെടുത്തി സുവിധ സോഫ്റ്റ്്്വെയറിൽ അപ്്ലോഡ് ചെയ്തതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഫല ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ആദ്യം രാമപുരം പഞ്ചായത്തിലെയും അവസാനം എലിക്കുളത്തെയും വോട്ടുകളാണ് എണ്ണുക.