Connect with us

Ongoing News

നടുക്കുന്ന ആ ഓർമകൾ

Published

|

Last Updated

ചിലപ്പോൾ പ്രകൃതി അതിന്റെ രൗദ്രഭാവം പുറത്തെടുക്കും. എല്ലാ സൗന്ദര്യവും തുടച്ചു നീക്കും. അതാണ് മേപ്പാടി പഞ്ചായത്തിലെ ഒന്പതാം വാർഡിലെ പുത്തുമല എന്ന മനോഹര പ്രദേശത്തിന് സംഭവിച്ചത്. റോഡിനിരുവശത്തും തിങ്ങിനിൽക്കുന്ന പച്ചക്കാടുകളാണ് പുത്തുമലയുടെ സൗന്ദര്യം. അവിടങ്ങളിൽ കുടിൽകെട്ടി താമസിക്കുന്ന കുറച്ച് മനുഷ്യരും. കഴിഞ്ഞ പ്രളയത്തിൽ ഒന്നും സംഭവിക്കാത്ത പുത്തുമലക്ക് ഇത്തവണയുണ്ടായത് ദുരിതങ്ങൾ മാത്രം. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് പുത്തുമല നിവാസികളെ ഭീതിയിലാഴ്ത്തി ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ 130 ഓളം കുടുംബങ്ങൾ ദുരിതത്തിലായി. പള്ളിയും അമ്പലവും 55 വീടുകളും തകരുകയും 17 പേർ മരിക്കുകയും ചെയ്തു. അഞ്ച് പേർ ഇനിയും കാണാമറയത്താണ്.

എല്ലാം നിഷ്പ്രഭമാക്കിയ ഭീകര ശബ്ദം

ആഗസ്റ്റ് എട്ട് വ്യാഴായ്ചയാണ് പുത്തുമലയുടെ എല്ലാ സൗന്ദര്യത്തെയും ഉടച്ചു വാർത്ത് ഉരുൾപൊട്ടലുണ്ടായത്. തലേന്ന് ബുധനാഴ്ച തന്നെ പ്രകൃതി ഒരു സൂചന തന്നിരുന്നു. പക്ഷേ വരാനിരിക്കുന്നത് ഒരു മഹാദുരന്തമാണെന്ന് മനസ്സിലാക്കാനായില്ലെന്ന് പുത്തുമലക്കാർ നൊമ്പരത്തോടെ ഓർക്കുന്നു. ബുധനാഴ്ച രാത്രി രവീന്ദ്രൻ, ലീലാമണി എന്നിവരുടെ വീടുകളുടെ കല്ലുകൾ ഇളകിക്കണ്ടു. രാത്രി രണ്ട് മണിയോടെ ഇരു വീടുകളും തകർന്ന് വീണു.

നെഹ്റു

ഇതായിരുന്നു പുത്തുമലയിലെ മഹാദുരന്തത്തിന്റെ ആദ്യസൂചന. പിറ്റേന്ന് രാവിലെ തന്നെ ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചു. ഒമ്പത് മണിയോടെ 200 ഓളം ആളുകളെ പുത്തുമല ജി എൽ പി സ്‌കൂളിലേക്ക് മാറ്റി. വൈകീട്ട് മൂന്നരയോടെ പുത്തുമല പാലം ഒലിച്ചുപോയി. ഇതോടെ ഗതാഗതം താറുമാറായി പുത്തുമല ഒറ്റപ്പെട്ട സ്ഥതിയിലായി. നാല് മണിയോടടുത്ത് ഭീങ്കരമായ ശബ്ദത്തോടു കൂടി മലയുടെ ഒരു ഭാഗം ഒന്നായി നിലംപതിച്ചു. പുത്തുമല ഒരു ദുരന്തഭൂമിയായി മാറി. 17 ജീവനുകളാണ് പുത്തുമലക്കാർക്ക് നഷ്ടമായത്. ദുരിതത്തിന്റെ കണക്കെടുത്താൽ കോടികൾ കടക്കും.

 

മാതാവിനെയും
പിതാവിനെയും
നഷ്ടപ്പെട്ട നെഹ്‌റു

കൂലിപ്പണിക്കാരനായ നെഹ്‌റു മാതാവിനോടും പിതാവിനോടുമൊപ്പം പാടിയിലാണ് താമസം. ഈ ദുരിന്തത്തിൽ നെഹ്‌റുവിന് നഷ്ടമായത് ഇവർ രണ്ട് പേരേയുമാണ്. അന്ന് ഉച്ചയോടെ അമ്മയുടെ കൈയിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേരോടും ക്യാമ്പിലേക്ക് പോകാൻ പറഞ്ഞ് ചേച്ചിയുടെ അടുത്തേക്ക് പോയതാണ് നെഹ്‌റു. തിരിച്ചുവന്നപ്പോഴേക്കും പാടിയും പ്രദേശവും വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. ഉടനെ അമ്മയേയും അച്ഛനേയും അന്വേഷിച്ചുള്ള നെട്ടോട്ടത്തിലായി നെഹ്‌റു. ക്യാമ്പുകളിലും മറ്റിടങ്ങളിലുമൊക്കെ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. പിന്നെ തിരച്ചിൽ നടക്കുന്നയിടങ്ങളിലേക്കോടി. മണ്ണിനടിയിൽ നിന്ന് കണ്ടെടുക്കുന്ന ഓരോരുത്തരിലും നെഹ്‌റു അച്ഛനെയും അമ്മയേയും പരതി. പിറ്റേന്ന് രാവിലെ തിരച്ചിലിനിടയിൽ അച്ചന്റെ ചേതനയറ്റ ശരീരം കണ്ടെടുത്തു. രണ്ട് ദിവസം കഴിഞ്ഞാണ് അമ്മയുടെ മൃതദേഹം കിട്ടിയത്.

നെഹ്റുവിന്റെ പിതാവും മാതാവും

നല്ലപാതിയെ
നഷ്ടപ്പെട്ട
ലോറൻസ്

ദുരിതത്തിൽ പൂർണമായും തകർന്ന പാടിയിലെ ആറാമത്തെ വീടാണ് ലോറൻസിന്റേത്. എസ്‌റ്റേറ്റ് ജീവനക്കാരനാണ് ഇയാൾ. മിനുട്ടുകൾക്ക് മുമ്പ് ഭാര്യയോട് സംസാരിച്ച് ക്യാമ്പിലേക്ക് പോകാനിരിക്കെ ഒന്ന് ചായ കുടിക്കാൻ പുറത്തിറങ്ങിയതാണ്. തിരിച്ചുവന്നപ്പോൾ ആളുകൾ നിലവിളിച്ചു കൊണ്ടോടുന്നു. അതിനിടെ ഒരാൾ നിന്റെ ഭാര്യയും മകനും വെള്ളത്തിൽ ഒലിച്ചുപോയെന്ന് പറഞ്ഞു. ഇടിവെട്ടേറ്റത് പോലെ ലോറൻസ് തരിച്ചുനിന്നു. ലോറൻസ് പാടിയുടെ ഭാഗത്തേക്കോടി. ആ പ്രദേശമൊന്നാകെ ചതുപ്പ് നിലംപോലെയായതാണ് കാണാൻ കഴിഞ്ഞത്. പിന്നെ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളിലെത്തി. മകനെ കണ്ടു. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് അവൻ വാവിട്ടുകരഞ്ഞു. പിന്നീട് ദിവസങ്ങൾ നീണ്ട തിരച്ചിലിലാണ് ഭാര്യ ഷൈലയുടെ മൃതദേഹം കിട്ടിയത്.

ലോറൻസും ശൈലയും

സർക്കാർ തരാമെന്ന് പറഞ്ഞ നാല് ലക്ഷം ഇതുവരെ കിട്ടിയിട്ടില്ലായെന്നാണ് ലോറൻസ് പറയുന്നത്. തനിക്കും മകനും തലച്ചായ്ക്കാൻ ഒരു കൂരയെങ്കിലും ഒരുക്കി തരുമെന്ന പ്രതീക്ഷയിലാണ് ലോറൻസ്. ഇപ്പോൾ വാടക വീട്ടിലാണ് ലോറൻസും മകനും താമസിക്കുന്നത്.

പുത്തുമലയുടെ ഉരുൾപൊട്ടലിനു മുന്പുള്ള ദൃശ്യവും ശേഷമുള്ള ദൃശ്യവും

വേണം
ഒരു പുതിയ പുത്തുമല

ദുരന്തസമയത്ത് നാട്ടുക്കാരുടേയും പഞ്ചായത്തധികൃതരുടെയും പോലീസുകാരുടെയും കൃത്യമായ ഇടപെടലുകളാണ് ഇത്രയേറെ പിടിച്ചു നിൽക്കാൻ പുത്തുമലക്കായത്. ഇനി പുത്തുമലയെ പുനർനിർമിക്കുകയാണ് വേണ്ടത്. അതിന് സർക്കാറും ജില്ലാ ഭരണാധികാരികളും നാട്ടുക്കാരും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങണം. പലരും ബന്ധുവീടുകളിലും വാടക വീടുകളിലുമാണ് താമസം. പുത്തുമലയിൽ ഇനി താമസയോഗ്യമല്ലെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. പകരം സ്ഥലം കണ്ടെത്തണം. 130 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഒപ്പം ദുരിന്തത്തിന്റെ ഭയാനതയിൽ വിറങ്ങലിച്ചുപോയ പുത്തുമലക്കാരുടെ മനസ്സിനെ കൂടി തരിച്ചുകൊണ്ടുവരേണ്ടതുണ്ട്. കള്ളാടിയിൽ 10 ഏക്കർ ഭൂമിയിൽ 130 ഓളം വില്ലകൾ നിർമിച്ച് ഇവരെ പുനരധിവസിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഇവിടെയും വാസ യോഗ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അപ്പോൾ പുത്തുമലക്കാർ ഇനി എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ബാക്കിയുള്ളത്.

മുബാരിസ് മേൽമുറി
• Mubareesp@gmail.com