Connect with us

Ongoing News

ആരവിടെ, ആ ചൊറിത്തുവയെ പറിച്ചെറിയൂ

Published

|

Last Updated

“എന്താ പറയേണ്ടൂ അല്ലെങ്കിൽ എന്താ ചെയ്യേണ്ടൂ” എന്ന് നിശ്ചയം കിട്ടാത്ത ചില നേരങ്ങൾ ഉണ്ടാവറില്ലേ നമ്മുടെ ജീവിതത്തിൽ ? അതേപറ്റി നമ്മൾ പദദാരിദ്ര്യം അല്ലെങ്കിൽ ക്രിയാദാരിദ്ര്യം എന്ന് പറയാറുണ്ടോ? എന്നാൽ “ഹൂ… എന്തെഴുതേണ്ടൂ” എന്ന് പിടിത്തം കിട്ടാത്ത ചില വേളകളും ഉണ്ടാകാറുണ്ട്. എഴുതി അയക്കേണ്ട സമയത്തിന്റെ പതിനൊന്നാം മണിക്കൂറും കഴിഞ്ഞ് രക്തസമ്മർദം കൂടിക്കൂടി വരികയായിരിക്കും.

അങ്ങനെയുള്ളതായുള്ള ഒരു വേളയിൽ ഞാൻ അടുക്കളയിൽ കയറിനോക്കി; എഴുതാൻ പറ്റിയതായി ഒന്നും കണ്ടില്ല! കിടപ്പറയിൽ ഏന്തിനോക്കി. പത്‌നീരത്‌നം നിദ്രാവതിയായി ചാഞ്ഞുകിടക്കുകയാണ്. ഉണർത്തേണ്ട! എഴുന്നേൽക്കുമ്പോഴേക്കും ഒരു സസ്‌പെൻസ് കാച്ചാം എന്നതിലപ്പുറം എഴുതാനുള്ള വല്ലതും തടയുമായിരിക്കും എന്ന മേലാശ പ്രകാരം ഞാൻ സബീന പൊടിയുമായി ബാത്‌റൂമിൽ കയറി. രാസപ്പൊടി പരപരെ പാറ്റിപ്പറത്തി, വെള്ളം കുടഞ്ഞ് നിലവും ചുമരും നീളത്തിലും വിലങ്ങനെയും കിടന്ന്കറങ്ങിയും ചുറ്റിപ്പുളഞ്ഞും അത്യാവേശത്തിൽ വൃത്തിയായി കഴുകിത്തുടച്ചു. എഴുതാനെന്തെങ്കിലും കിട്ടിയോ? ഇല്ല!

ഞാൻ പുറത്തേക്കിറങ്ങി. കഴിഞ്ഞയാഴ്ചയാണ്, തെങ്ങുകൾ തുറന്ന് വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കുടഞ്ഞ്, കാടും പടലും പറിച്ചിട്ട് വളം കൊടുത്തത്. ഒരൽപ്പം പൊട്ടാഷ് കൂടി വിതറിക്കളയാം എന്ന് കരുതി തൈക്കുണ്ടിൽ പോയപ്പോൾ സുബാഹാനല്ലാഹ്! എഴുതാനുള്ള വിഷയം എന്റെ കൺമുന്നിൽ പൂർണകായമുഴുപ്പിൽ! ഉടനെ അതിനെ ഏതെല്ലാം വിതാനങ്ങളിലേക്ക് എഴുതി വിന്യസിപ്പിക്കാം എന്നായി ആലോചന. എഴുതാൻ മുട്ടുമ്പോൾ അടുക്കളയിലേക്കും ബാത്‌റൂമിലേക്കും തൈക്കുണ്ടിലേക്കുമാണോ പോകേണ്ടത്? അതോ പത്രങ്ങൾ, മാഗസിനുകൾ, പ്രമാണപുസ്തകങ്ങൾ, സർവഞാന കോശങ്ങൾ എന്നിവയിലേക്കോ?

വിഷയത്തിലേക്ക് വരുന്നതിന്റെ സൗകര്യത്തിന് വേണ്ടി ഒരു സംഗതി പറയാം. കേട്ടത് അഞ്ചാറ് കൊല്ലം മുമ്പായിരിക്കും. സ്ഥാപനത്തിന്റെ പേര് പോയിട്ട് ജില്ല പോലും സൂചിപ്പിക്കില്ല. പത്തരമാറ്റ് ആത്മാർഥതയുള്ള ഒരു പ്രവർത്തകൻ ആ സ്ഥാപനത്തിന്റെ സാധനം വാങ്ങുന്ന വകുപ്പ് തൊഴിലാളിയായി ജോലിയിൽ ചേർന്നു. ഒരാഴ്ച കാര്യങ്ങൾ അനുഭവിച്ചപ്പോൾ സ്ഥാപനത്തിന്റെ പണം, ക്രയാരീതിയിലെ ഉഡായിപ്പു കാരണം ഒലിച്ചുപോകുന്നതായി കണ്ടുപിടിക്കപ്പെട്ടു. അദ്ദേഹം എന്തു ചെയ്തുവെന്ന് വെച്ചാൽ ലോക്കൽ കടയിൽ നിന്ന് നേരംനേരം ച്ചിരിച്ചിരി വാങ്ങുന്നതിന് പകരം മാർക്കറ്റിൽ ചെന്ന് ഒരാഴ്ചക്ക് വേണ്ടത് മൊത്തമായി മേടിച്ചുതുടങ്ങി. ഒറ്റ ഒരു മാസത്തിനിടയിൽ അരിയടക്കമുള്ള ധാന്യങ്ങൾ, പച്ചക്കറി, ബേക്കറി, മത്സ്യം, ചിക്കൻ എന്നിത്യാദികൾ മൊത്തവാങ്ങലുകളിലേക്ക് മാറ്റിപ്പിടിച്ചപ്പോൾ മിച്ചം വന്നത് പതിനെട്ടായിരിത്തിന് മുകളിൽ! പക്ഷേ എന്തുണ്ടായി എന്ന് ചോദിച്ചാൽ ഇടി വെട്ടുംവിധം അദ്ദേഹത്തിന് ജോലിയിൽ ട്രാൻസ്ഫർ കിട്ടി! ക്യാശ് അശേഷം സ്പർശ്യമല്ലാത്ത മരാമത്ത് മേൽനോട്ടപ്പണി. “നീ ഒരു പണിയും എടുക്കണ്ട; അവർ പണിയെടുക്കുന്നുണ്ടോ എന്ന് നോക്കി- നെല്ല് ചിക്കിയയിടത്ത് കാക്ക വരുന്നുണ്ടോ എന്ന് നോക്കുന്ന കാക്കയായി- കുത്തിയിരുന്നാ മതി കുതരേ! പറ്റില്ലേ വണ്ടി വിട്ടോ” എന്ന്.

ഇനി ഇതിന്റെ എതിരായ ഒരു സംഭവം പറയാം. അത് ഒരു അപര സ്ഥാപനത്തിൽ സംഭവിച്ചതാണ്. ഒരു കൊല്ലമായിട്ടേ ഉള്ളൂ അയാൾ എക്‌സിക്യൂട്ടീവ് മാനേജറായി വന്നിട്ട്. ആദ്യമാദ്യം ബസിൽ വന്നിറങ്ങിയവൻ വൈകാതെ “സിഡി 100” ലേക്ക് വലിഞ്ഞുകയറി. ഒട്ടു കഴിഞ്ഞപ്പോൾ മാരുതി എഴുന്നൂറ്റി മുപ്പതിലേക്ക് കുടിയേറി. വൈകാതെ ടാറ്റയുടെ പുതിയ ടിയാഗോ ഇറക്കി. ഇപ്പം വീടായി, പകിട്ടായി, പത്രാസായി. വളരെ കുറഞ്ഞ- കിട്ടിയ അറിവനുസരിച്ച് 6500 റോ മറ്റോ മാത്രമേ ടിയാന് ശമ്പളമുണ്ടായിരുന്നുള്ളൂ. പക്ഷേ നിർമാണത്തിനുള്ള കല്ല് മണൽ സിമന്റാദി സകലവും നിത്യവൃത്തിക്കുള്ള അരിസാധനങ്ങളഖിലവും വാങ്ങുന്നത് അവൻ വഴിയാണ്. “മാക്‌സിമം റീട്ടെയിൽ പ്രൈസി” നോട് വല്ലാതെ നീതികാണിച്ച്, പരമാവധി കമ്മീഷൻ വാങ്ങിച്ച്- എന്തിനധികം പറയുന്നു, സ്ഥാപനത്തിന്റെ വണ്ടിക്ക് എണ്ണയടിക്കുമ്പോൾ പമ്പിൽ നിന്ന് പോലും കള്ളബില്ലുവാങ്ങി! തടിച്ച് കൊഴുക്കുകയാണ് ഇവൻ.
തെങ്ങിന് പോഷകമായിട്ടാണ് കാടും പടലും പറിച്ച് മുരടിലിട്ടത്. പക്ഷേ, ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോഴുണ്ട് അവയിൽ ചിലത് പട്ടാളവീര്യത്തോടെ തല ഉയർത്തി നിൽക്കുന്നു. നല്ല തടിച്ച്, ചീർത്ത് ചുറുചുറുക്കൻമാരായിട്ട്. ഇതെന്തൊരു തമാശ, ഹേ! ഞാൻ ആറാമത്തെ തെങ്ങിൻ തടവും ആഞ്ഞുകൊത്തി, വളം വിതറി അവശനായി വന്നപ്പോൾ എന്റെ മേനിയിലൂടെ നർമദയുടെയും ഗോദാവരിയുടെയും നാനോപ്രവാഹങ്ങൾ കുതിച്ചുതാഴുന്നു. എഴുത്ത് ഒരു തരം വിയർത്തൊലിക്കലാണ്. അത് ഉള്ളിൽ നിന്ന് ഉറന്ന് പുറത്തേക്ക് പൊടിഞ്ഞൊലിക്കണം? പക്ഷേ റഫറൻസില്ലാത്ത എഴുത്തിന് അക്കാദമീയത കുറയുമത്രേ, പ്ഫ്രൂൂൂൂ…! ലക്കവും വോള്യവും പേജും വർഷവും വിലയുമൊന്നും എഴുതിച്ചേർത്തില്ലെങ്കിൽ അനാധികാരികതയുടെ വരട്ടുചൊറി വരുമത്രെ, പ്ർർർർ…!!
തൈക്കുണ്ടിൽ ഞാൻ പിടികൂടിയത് ഇപ്പോൾ ആരെയാണ്? തെങ്ങ് വളരാൻ വേണ്ടി ആറ്റ് നോറ്റ് ഇട്ട പിണ്ണാക്കും എല്ലുപൊടിയും വലിച്ചെടുത്ത് ജീർണിച്ച കളയെ! വിളക്ക് വേണ്ടി സ്വയം വളമാവാൻ തയ്യാറാകേണ്ട മൂരാച്ചിയാണ് വിളക്കുള്ളത് പോലും വലിച്ചുകുടിച്ച് സ്വയം ചീർക്കുന്നത്. കള, രാഷ്ട്രിയത്തിലും സംഘടനയിലും സ്ഥാപനത്തിലും കുടുംബത്തിൽ വരെയുണ്ടാകും. കളകളാൽ സമൃദ്ധമായ വിളച്ചെടി ഗ്രഹണി ബാധിച്ച ശിശുവിനെ പോലെ വിളർത്തിരിക്കും. ഒരു കോലമായി, അൽ മാാാസായി. കളമൊയന്തുകളാൽ വലയം ചെയ്യപ്പെട്ട സ്ഥാപനം ഗുണമേൻമയുടെ കാര്യത്തിൽ വിണ്ടുകീറി, തറതകർന്ന്, മച്ചിടിഞ്ഞ്, വശമടർന്ന് കോലക്കേടായിരിക്കും.
കളകൾ പലവിധമുണ്ട്. കുപ്പച്ചീര, നരിപ്പൂച്ചി, വേനപ്പച്ച, കൂറമുള്ള്, തൊട്ടാവാടി, കമ്മ്യൂഷ്ടപ്പ, കോൺഗ്രസ് പുല്ല്, നീർവാഴ, ശീമക്കൊന്ന അങ്ങനെ പലതും. എന്നാൽ ആയിനത്തിൽപ്പെട്ട ഒരു മഹാകളയുണ്ട്- അതിന്റെ ശാസ്ത്രീയ നാമം tragia involucrata എന്നാണ്. തുടർന്ന് വായിക്കുക: “കേരളത്തിലുടനീളം (iv*) നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ് കൊടുത്തുവ. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനാൽ ചൊറിയണം എന്നും കടുത്തുമ്പ എന്നും അറിയപ്പെടുന്നു” (അവലംബം: ഫോണിൽ നോക്കി നെറ്റിൽ നിന്ന് കട്ടെഴുതിയത്)
*അടിവര കുറിപ്പുകാരന്റേത്.

കളകൾ എങ്ങനെയാണ് ഉണ്ടാകുന്നത്? ബൈബിളികമായ വിശകലനം താഴെ കൊടുക്കുന്നു.
മത്തായി 13: 27-28 ൽ പറയുന്നു: ചെടികൾ വളർന്ന് കതിരായപ്പോൾ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാർ ചെന്ന് വീട്ടുടമസ്ഥനോട് ചോദിച്ചു യജമാനനേ, നീ വയലിൽ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? അവൻ പറഞ്ഞു: ശത്രുവാണ് ഇത് ചെയ്തത്. (ശയശറ)
കളകളെ എങ്ങനെ കൈകാര്യം ചെയ്യാം ? മത്തായി 13: 30 ൽ കാണുന്നു: “കൊയ്ത്തുകാലത്ത് ഞാൻ കൊയ്തുകാരനോട് പറയും, ആദ്യമേ കളകൾ ശേഖരിച്ച്, തീയിൽ ചുട്ടുകളയുവാൻ അവ കെട്ടുകളാക്കി വെയ്ക്കുവിൻ” (ശയശറ)

ഇനി ചോദിക്കട്ടെ, നിങ്ങൾ ഏതെങ്കിലും പാർട്ടിയിൽ, സംഘടനയിൽ, സ്ഥാപനത്തിൽ ഏതെങ്കിലും നിലക്ക് ഭാഗഭാക്കാവുന്ന ആളാണോ? എങ്കിൽ രണ്ടാമതായി നിങ്ങൾ നോക്കണം. ഏതെങ്കിലും കൊടുത്തുവ, പോട്ടെ കുപ്പച്ചീര നിങ്ങളുടെ സ്ഥാപനത്തിന്റെ വളവും വെള്ളവും വലിച്ചൂറ്റി വീർക്കുന്നുണ്ടോ എന്ന്. കണ്ടുപിടിച്ചാൽ പിന്നെ കണകുണ പറഞ്ഞ് വെച്ചിരിക്കണ്ട. ഏത് കുപ്പച്ചീരയും പിന്നീട് കൊടുത്തുവ ആവാം. ഉചിതമായ നേരത്ത് പിഴുതെറിഞ്ഞില്ലെങ്കിൽ പിറകെ ഒരുപാട് പേരെ ചൊറിയിക്കുന്ന കൊടുത്തുവ ആവാം, പറഞ്ഞില്ലെന്ന് വേണ്ട! നൈജാമലി പറയുന്നുണ്ട്: ഏത് പച്ചിലക്കൊത്തിപ്പാമ്പും അതിന്റെ നേരമാവുമ്പോൾ മൂർഖനാഹലാം. (ഖസാക്കിന്റെ ഇതിഹാസം, ഒ വി വിജയൻ, പേ: 23, ഡി സി ബുക്‌സ്, 2010-ഫെബ്രുവരി, 46th പതിപ്പ്, വില: 80 ഉറുപ്പിക)
ഇനി ഒന്നാമതായി നിങ്ങൾ നോക്കണം, നിങ്ങൾ തന്നെ ഒരു കളയായിട്ടുണ്ടോ എന്ന്! വളർച്ചയെ മുരടിപ്പിക്കുന്ന യാതൊരു വസ്തുവുണ്ടോ, വ്യക്തിയുണ്ടോ ആയതിനൊക്കെ കള എന്ന് വിളിക്കാനുള്ള അനുമതി തരാം. കളയെ കണ്ടെത്തിയാൽ, കണ്ഠനാഡി പൊട്ടിത്തകരുമാറുച്ചത്തിൽ ആക്രോശിക്കൂ: “ആരവിെട, ആ ചൊറിത്തുവയെ പറിച്ചെറിയൂ”.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com