യാക്കോബായ വിശ്വാസികളെ ഒഴിപ്പിച്ചു; അനിഷ്ടങ്ങള്‍ ഇല്ലാതെ പിറവം പള്ളി കലക്ടര്‍ ഏറ്റെടുത്തു

Posted on: September 26, 2019 12:20 pm | Last updated: September 26, 2019 at 10:51 pm

കൊച്ചി: പിറവം പള്ളിക്കുള്ളില്‍ തമ്പടിച്ച യാക്കോബായ വിഭാഗക്കാരെ ഇന്ന് ഉച്ചക്ക് മുമ്പ് ഒഴിപ്പിച്ച് റിപ്പോര്‍ട്ട്  നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് നടപ്പാക്കി. വിശ്വാസികളെ മുഴുവന്‍ ഒഴിപ്പിച്ച് പള്ളി പൂര്‍ണമായും കലക്ടര്‍ ഏറ്റെടുത്തു. പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയ 67  വൈദികരെ അറസ്റ്റ് ചെയ്ത് നീക്കിയതായുള്ള റിപ്പോര്‍ട്ട് കലക്ടര്‍ സുഹാസ്‌
ഹൈക്കോടതിക്ക് കൈമാറി. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നത് സംബന്ധിച്ച് ഇനി കോടതി തീരുമാനമെടുക്കും.

വലിയ സംഘര്‍ഷ സാഹചര്യത്തിനിടെ പള്ളിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന പോലീസ് വിശ്വാസികളെ ഒഴി
പ്പിക്കുകയായിരുന്നു. അറസ്റ്റിന് മുമ്പായി ജില്ലാ കലക്ടര്‍ സഭാ നേതൃത്വുമായി ചര്‍ച്ച നടത്തി. ജില്ലാ ഭരണകൂടത്തിനും പോലീസിനും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടെന്ന് ഇതിനാല്‍ നിയമം അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സഭാ നേതൃത്വം വിശ്വാസികളോട് പറഞ്ഞു. തുടര്‍ന്ന് വൈദികര്‍ ഓരോരുത്തരായി അറസ്റ്റ് വരിക്കുകയായിരുന്നു. ഒരു എതിര്‍പ്പുമില്ലാതെ ഇവര്‍ പോലീസ് വാഹനത്തില്‍ കയറി. തുടര്‍ന്ന് വിശ്വാസികളോടും കലക്ടര്‍ സംസാരിച്ചു. കോടതി നിര്‍ദേശമാണ് ഇത് അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം കുത്തിയിരുന്ന് പ്രാര്‍ഥന നടത്തിയ യാക്കോബായ വിശ്വാസികകള്‍ പള്ളിവിടാന്‍ തയ്യാറാകുകയായിരുന്നു.

മെത്രന്‍ അടക്കമുള്ള വൈദികര്‍ അറസ്റ്റ് വരിച്ചതിന് ശേഷം മറ്റ് വിശ്വാസികള്‍ പള്ളിക്ക് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. സ്ത്രീകളും വൃദ്ധരും അടക്കമുള്ള വിശ്വാസികള്‍ കരഞ്ഞുകൊണ്ട് പള്ളിക്ക് പുറത്തേക്ക് നീങ്ങിയത്. വൃദ്ധരായ സ്ത്രീകളെ കസേരയില്‍ എടുത്തുകൊണ്ടാണ് പോലീസ് പുറത്തെത്തിച്ചത്.

മുഴുവന്‍ പേരെയും ഒഴിപ്പിച്ച് ഉച്ചക്ക് 1.45ന് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശം. ഏകദേശം ഇതേ സമയത്ത് തന്നെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുഴുവന്‍ വിശ്വാസികളെയും പള്ളിയില്‍ നിന്നും നീക്കാന്‍ പോലീസിന് കഴിഞ്ഞു.

ഒഴിപ്പിക്കാന്‍ തുടങ്ങിയാല്‍ സമീപത്തെ പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് യാക്കോബായ വിഭാഗം നേരത്തെ പറഞ്ഞിരുന്നു.പുഴയുടെ തീരത്ത് നൂറ്കണക്കിന് പേര്‍ നിലയുറപ്പിച്ചിരുന്നു. തങ്ങളെ കൊന്നാലെ പള്ളിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയൂവെന്നാണ്‌ യാക്കോബായ വൈദികനടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഒരു അനിഷ്ട സംഭവവും ഇല്ലാതെ വിശ്വാസികളെ ഒഴിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു.

വലിയ പോലീസ് സന്നാഹത്തോടെയും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ളവയുമായാണ് പോലീസ് ഒഴി
പ്പിക്കാനെത്തിയിരുന്നത്. വനിതാ പോലീസിന്റെ വലിയ നിര തന്നെ പോലീസ് നടപടികള്‍ക്കുണ്ടായിരുന്നു.