Connect with us

National

ചൈനീസ് ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് ചൈനീസ് ഡ്രോണുകളുപയോഗിച്ച് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളുമാണ് ഇത്തരത്തില്‍ എത്തിച്ചത്. 80 കിലോയോളം ആയുധങ്ങളാണ് പഞ്ചാബിലെ അമൃതസറിലേക്ക് കടത്തിയത്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളായ ഭീകരസംഘടനകളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ കടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നും വിരമിച്ച ഉനന്ത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐഎസ്‌ഐ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാനഡയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാന്‍ ഭീകരരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു വിവരം. പ്രോജക്ട് ഹാര്‍വെസ്റ്റിങ് കാനഡ് എന്ന പേരിലാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മാസങ്ങള്‍ക്കു മുമ്പ് സുരക്ഷാ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ എട്ട് തവണയാണ് ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ കടത്തിയത്. ഇന്ത്യയില്‍ നിരോധിച്ച സാറ്റ്‌ലൈറ്റ് ഫോണുകളും ഇത്തരത്തില്‍ കടത്തിയിട്ടുണ്ട്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ നാല് ഭീകരരെ തിങ്കളാഴ്ച പഞ്ചാബില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ആയുധക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.