ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു; പിറവം പള്ളിയില്‍ സംഘര്‍ഷം

Posted on: September 25, 2019 9:32 am | Last updated: September 25, 2019 at 12:01 pm

കൊച്ചി: തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പള്ളി ഗേറ്റ് പൂട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത്. എന്നാല്‍, പള്ളിയില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി പള്ളി ഗേറ്റ് പൂട്ടി പള്ളിക്കകത്ത് നിലയുറച്ചിരിക്കുകയാണ് യാക്കോബായ വിഭാഗം.

അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമെ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. പിറവം പള്ളിയില്‍ വിധി നടപ്പാക്കുകയാണ് വേണ്ടത്. പോലീസ് നടപടികള്‍ സ്വീകരിക്കുന്നുവരെ കാത്തിരിക്കും. അക്രമത്തിനും സംഘര്‍ഷത്തിനും തയ്യാറല്ല. പൂട്ട് പൊളിച്ചു പള്ളിയില്‍ കയറില്ലെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി പള്ളി പരിസരത്ത് പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.