വിരമിക്കല്‍ തീരുമാനം ധോണിക്ക് വിട്ടുകൊടുക്കണം; കളി തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാമതിനെ മാനിക്കണം: യുവരാജ്

Posted on: September 25, 2019 12:14 am | Last updated: September 25, 2019 at 12:14 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ധോണിക്ക് പിന്തുണയുമായി മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ‘ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് അദ്ദേഹം. എപ്പോള്‍ വിരമിക്കണമെന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹത്തിനു വിട്ടുകൊടുക്കണം. കളി തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെങ്കില്‍ അതിനെ നാം മാനിക്കണം.’

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയായ കാര്യമല്ലെന്നും യുവരാജ് പറഞ്ഞു. എം എസ് ധോണി ഒരു ദിവസം കൊണ്ട് ഉണ്ടായി വന്ന താരമല്ല. അതിന് കുറച്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. അതുപോലെത്തന്നെ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനും കുറച്ചു വര്‍ഷങ്ങള്‍ ആവശ്യമായി വരും. ടി ട്വന്റി ലോകകപ്പിന് ഇനി ഒരു വര്‍ഷത്തോളം സമയമുണ്ടെന്നും യുവരാജ് പറഞ്ഞു.