ജിദ്ദയില്‍ പുതിയ ടെര്‍മിനല്‍ സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു

Posted on: September 24, 2019 10:27 pm | Last updated: September 24, 2019 at 10:27 pm

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. 810,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ ടെര്‍മിനല്‍ ഒന്ന് വഴി പ്രതിവര്‍ഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. പുതിയ വിമാനത്താവളം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കാണ്. ഇനിമുതല്‍ കുറഞ്ഞ സമയം കൊണ്ട് തീര്‍ഥാടകര്‍ക്ക് മക്കയില്‍ എത്താന്‍ സാധിക്കും.

രാജ്യത്തിന്റെ ശരാശരി വരുമാനത്തിന്റെ 4.6 ശതമാനം സിവില്‍ ഏവിയേഷന്‍ മേഖല വഴിയാണ് ഉണ്ടായിരിക്കുന്നതെന്ന് സഊദി ഗതാഗത മന്ത്രിയും ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (ജി എ സി എ) ചെയര്‍മാനുമായ ഡോ. നബില്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദി ചടങ്ങില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തില്‍ 36 ശതമാനം പേരും യാത്ര ചെയ്യുന്നത് കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയാണ്. 2020 ഉംറ തീര്‍ഥാടകരുടെ എണ്ണം യഥാക്രമം 15 ദശലക്ഷമായി ഉയര്‍ത്താനാണ് സഊദി ലക്ഷ്യമിടുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി വിദേശ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയാക്കി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക അടയാളം കൂടിയായ പുതിയ വിമാനത്താവളത്തില്‍ 24000 ചതുരശ്ര മീറ്ററില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, 135 നടപ്പാതകള്‍, 440 ചെക്ക് ഇന്‍ കൗണ്ടറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.