‘ഹൗഡി മോദി’ വേദിക്ക് പുറത്ത് പ്രതിഷേധം

Posted on: September 23, 2019 9:24 am | Last updated: September 23, 2019 at 11:14 am
യു എസിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഹൗഡി മോദി പരിപാടിയുടെ വേദിക്ക് പുറത്ത് പ്രതിഷേധിക്കുന്നവർ

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഹൗഡി മോദി’ പരിപാടിക്കിടെ പ്രതിഷേധ പ്രകടനവുമായി ഒരു സംഘം ഇന്ത്യൻ അമേരിക്കക്കാർ. ഇന്ത്യൻ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബിലിറ്റി (എ ജെ എ), ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്ന എൻ ആർ ജി ഫുട്‌ബോൾ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധം നടന്നത്.

ഹിന്ദു, മുസ്‌ലിം, ദളിത്, സിഖ്, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട ഇന്ത്യൻ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എ ജെ എ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എച്ച് എഫ് എച്ച് ആർ), ഓർഗനൈസേഷൻ ഫോർ മൈനോരിറ്റീസ് ഓഫ് ഇന്ത്യ (ഒ എഫ് എം ഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്. ജൂത സംഘടനയായ ജ്യൂയിഷ് വോയിസ് ഫോർ പീസിന്റെ പ്രവർത്തകരും പ്ലക്കാർഡുകളുമായി ഒത്തുകൂടി. ആഫ്രോ- അമേരിക്കൻ കൂട്ടായ്മയായ ബ്ലാക്ക് ലൈവ്‌സ് മാറ്ററും പ്രതിഷേധത്തിൽ അണിചേർന്നു.
മതേതരത്വം പുലർന്നിരുന്ന രാജ്യത്തെ നിലവിലുള്ള അവസ്ഥ പേടിപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പ്രതിഷേധക്കാർ പറയുന്നു.