Connect with us

Editorial

പൗരത്വ ആശങ്കകൾ തീരുന്നില്ല

Published

|

Last Updated

പൗരത്വം/ ദേശീയത പ്രശ്‌നവത്കരിക്കുക എന്നത് പ്രത്യേക കേന്ദ്രങ്ങളിൽ സ്വാധീനമുണ്ടാക്കാൻ ഭരണകൂടങ്ങൾ പലപ്പോഴും പ്രയോഗിക്കുന്നതാണ്. അതുണ്ടാക്കുന്ന അപരവത്കരണവും വെറുപ്പുമെല്ലാം വലിയൊരു ജനവിഭാഗത്തെ തീരാ ദുരിതത്തിലാഴ്ത്തും. തുറന്ന വാതിൽ നയത്തിന് പകരം കൊട്ടിയടക്കപ്പെടുന്ന വാതിൽ നയത്തിലേക്കുള്ള പാതയിലാകും അപ്പോൾ രാജ്യം. ഇന്ത്യയും ആ ദശാസന്ധിയിലൂടെ കടന്നുപോകാൻ അധിക കാലം വേണ്ടി വരില്ലയെന്നാണ് ഭരണകൂടം നൽകുന്ന സൂചന. വടക്കുകിഴക്കൻ മേഖലയിൽ അത്തരമൊരു നീക്കം തുടങ്ങിയിട്ടുണ്ട്. അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) കൊണ്ടുവന്നതാണ് അതിൽ പുതിയത്. മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലും ഏതാനും വർഷത്തിനുള്ളിൽ പൗരത്വ പട്ടിക കൊണ്ടുവരും.

എന്നാൽ, അസം മാതൃകയിൽ രാജ്യമൊട്ടാകെ പൗരത്വ പട്ടിക അവതരിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഏറ്റവും ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേശവ്യാപക പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാചരണ വേളകളിലും ഷാ സമാന പ്രസ്താവന നടത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരിവും പുളിയുമുള്ള വാക്കുകൾ കൊണ്ട് അനുകൂലികളിൽ ആവേശത്തിരമാല സൃഷ്ടിക്കുക എന്നതിനപ്പുറം ഒരു മാനം ആരും കൽപ്പിച്ചിരുന്നില്ല. എന്നാൽ, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലക്ക് ഈ പ്രസ്താവന ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ പടർത്തുന്നതാണ്. അതൊരു പ്രത്യേക സമൂഹത്തെ ലാക്കാക്കിയാകുമ്പോൾ പ്രത്യേകിച്ചും.
രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകൾക്കിടയിൽ പൗരത്വ പട്ടികയെ പ്രതി അരക്ഷിതാവസ്ഥ പടർന്നിട്ടുമുണ്ട്. അവർക്ക് നിയമാനുസൃത രേഖകളോ ആധികാരിക തെളിവുകളോ കൈവശമില്ലാത്തത് കൊണ്ടല്ല. മറിച്ച്, എന്തൊക്കെ രേഖകളുണ്ടായാലും പ്രത്യേക വ്യവസ്ഥകളിലൂടെ അതിനെ മറികടക്കാൻ ദുഷ്ടലാക്കുകാർക്ക് എളുപ്പമാണല്ലോ. അസമിൽ തന്നെ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടവർ സുരക്ഷതിരല്ല, എപ്പോൾ വേണമെങ്കിലും പേര് വെട്ടപ്പെടാം എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതുമാണ്. ഇതിന് ഒരു മറുവാദം ഉന്നയിക്കപ്പെടാം. അസമിലെ അന്തിമ പൗരത്വ പട്ടികയിൽ ബംഗാളി ഹിന്ദുക്കളും ഗോത്രവർഗക്കാരും ധാരാളമുണ്ട്. അതിനാൽ പ്രത്യേക സമൂഹത്തെ ലാക്കാക്കുന്നില്ലെന്ന് പറഞ്ഞേക്കാം. എന്നാൽ, ഇതിന് തടയിടാൻ കുറുക്കുവഴി കേന്ദ്രം തയ്യാറാക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബിൽ ആണത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ എന്നിവർക്ക് പൗരത്വം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ഇത്തരം പ്രസ്താവനകൾ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാനാണെന്ന വാദമുണ്ട്. അതിൽ കഴമ്പുമുണ്ട്. വീഴ്ച മറച്ചുപിടിക്കാൻ ശ്രദ്ധതിരിക്കൽ തന്ത്രങ്ങൾ പലപ്പോഴും ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ പയറ്റുന്നതുമാണ്. എന്നാൽ, പൗരത്വ പട്ടികയും സാമ്പത്തിക വളർച്ചയും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. രാജ്യത്തെ ജനസംഖ്യ കാരണമാണല്ലോ ആളോഹരി വരുമാനവും അതുപ്രതിയുള്ള വളർച്ചയുമെല്ലാം കുറയുന്നത്. അപ്പോൾ, ജനസംഖ്യ കുറഞ്ഞാൽ പ്രതിശീർഷ വരുമാനം കൂടും. അതിന്, ജനസംഖ്യാ നിയന്ത്രണം വേണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിമാർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്തുതന്നെയായാലും പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നവരെ നരകതുല്യ അവസ്ഥകളിലേക്ക് തള്ളിവിടുന്ന നടപടികൾ ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതാണ്. അത്തരം പ്രതിച്ഛായാ നഷ്ടങ്ങൾ, ജനങ്ങൾ തന്നെ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ തുടങ്ങിയവ അന്താരാഷ്ട്ര സർവേകളിൽ രാജ്യത്തിന്റെ സ്ഥാനത്തെ താഴ്ത്തുന്നതും തദ്വാരാ, വിദേശ നിക്ഷേപം- വിനോദസഞ്ചാരം തുടങ്ങിയവയിൽ ഇടിവ് വരുത്തുന്നതുമാണ്. ഫലത്തിൽ അതും സാമ്പത്തിക തിരിച്ചടിക്ക് കാരണമാകും.

ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത, സമാധാനം, ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം, അടിച്ചമർത്തപ്പെട്ടവരോടുള്ള അനുകമ്പ തുടങ്ങിയവയൊക്കെയാണ് ആഗോളതലത്തിൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ സവിശേഷതകൾ. ആഭ്യന്തരമായി പലപ്പോഴും ഏറ്റക്കുറച്ചിലുകളും ഏകാധിപത്യത്തിന്റെ അനുരണനങ്ങളും ഉണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര തലത്തിൽ അത് പരുക്കേൽപ്പിച്ചിരുന്നില്ല. വിവരങ്ങൾ എത്ര മൂടിവെക്കാൻ ശ്രമിച്ചാലും അതിവേഗം പ്രസരിക്കുന്ന ഈ കാലത്ത്, എന്ത് ചെറിയ പ്രശ്‌നവും വലിയ ആഘാതം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വിഭാഗീയതയുടെയും വിഭജനത്തിന്റെയും വാദങ്ങൾ നേതാക്കളിൽ നിന്ന് തന്നെയുയരുമ്പോൾ, അനുകൂലികൾ ഉന്മത്തരാകുമെന്നത് തീർച്ചയാണ്. അസമിന്റെ കാര്യം തന്നെയെടുക്കാം. വടക്കുകിഴക്കൻ മേഖലയിൽ സ്വാധീനം നേടാൻ അനധികൃത കുടിയേറ്റക്കാരെ അതിർത്തക്കപ്പുറത്തേക്ക് വലിച്ചെറിയുമെന്ന്, ഇന്ന് ഭരണത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ ഇരിക്കുന്നവർ വർഷങ്ങൾക്ക് മുമ്പ് അവിടെ പോയി പറഞ്ഞതാണ്. ആവേശിതരാകുന്ന അണികൾ ആയുധങ്ങളെടുക്കുന്നു. അസമിലെ കൊക്രാജർ മേഖല അതിന് ജീവിക്കുന്ന തെളിവാണ്. ചുരുക്കത്തിൽ, സാങ്കേതികവിദ്യയുടെ പിൻബലത്തിൽ അതിരുകൾ അപ്രസക്തമാകുന്ന യുഗത്തിൽ തന്നെയാണ് അതിന്റെയെല്ലാം ആനുകൂല്യം മതിയാവോളം പിൻപറ്റി അതിർത്തിയെയും കുടിയേറ്റത്തെയും കരുവാക്കി പ്രത്യേക സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനുള്ള ഈ നീക്കം. രാഷ്ട്ര നേതാക്കൾ തന്നെ വിഭാഗീയതയുടെ വിത്ത് വിതറുമ്പോൾ വിധ്വംസക പ്രവർത്തനങ്ങളിലൂടെ അനുകൂലികൾ അതിന് വെള്ളവും വളവും ആവോളം നൽകുമെന്ന് പകൽ പോലെ വ്യക്തമാണ്. അതുപക്ഷേ അന്യന്റെ അഭിമാനത്തിന്റെയും ചോരയുടെയും സമ്പത്തിന്റെയും ചെലവിലാകുമെന്ന് മാത്രം. ഭാരതത്തിന്റെ മുഖമുദ്രയായ സ്‌നേഹാശ്ലേഷത്തിന്റെ, ഉൾക്കൊള്ളലിന്റെ വക്താക്കളാകാം.

Latest