Connect with us

Gulf

മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങി യു എന്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ ഐ എസ് ഭീകരര്‍ ബോംബാക്രമണത്തില്‍ തകര്‍ത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അല്‍നൂരി മസ്ജിദ് പുനര്‍ നിര്‍മിക്കാനൊരുങ്ങി യുനെസ്‌കോ. ഐ എസ് ഭീകരവാദികള്‍ 2017 ലാണ് 800 വര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിയും ചെരിഞ്ഞ മിനാരവും തകര്‍ത്തത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഈ പള്ളി. വര്‍ഷങ്ങളായി നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൈതൃകം കാത്തുസൂക്ഷിച്ചുവരുന്ന പള്ളി യുനെസ്‌കോയുടെ ചരിത്ര സ്മാരകങ്ങളില്‍ ഇടം നേടിയിരുന്നു.

കുരിശുയുദ്ധ നായകനും സിറിയന്‍ പ്രവിശ്യയിലെ സുല്‍ത്താനുമായിരുന്ന നൂറുദ്ദീന്‍ മഹ്മൂദ് സെങ്കിയുടെ ഓര്‍മക്കായി 1171 ല്‍ സ്ഥാപിക്കപ്പെട്ട ഈ ആരാധനാലയം ഇസ്ലാമിന്റെ പ്രഭാവ ചിഹ്നം കൂടിയായാണ് ഇറാഖികള്‍ കണക്കാക്കുന്നത്. നൂറുദ്ധീന്‍ മഹ്മൂദ് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം തന്റെ മരുമകന്‍ ഫഖ്റുദ്ധീനോട് പള്ളി പണിയാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍ നൂരി പള്ളിയുടെ അല്‍ ഹദ്ബ (ചരിഞ്ഞ ഗോപുരം) എന്ന പേരിലറിയപ്പെടുന്ന മിനാരത്തിന്റെ രൂപകല്‍പ്പന അറേബ്യന്‍ വസ്തുകലയെ വിളിച്ചോതുന്നതായിരുന്നു.

പാരീസില്‍ യുനെസ്‌കോയും ഇറാഖ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പള്ളിയുടെ പുനരുദ്ധാരണ പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. പത്തുകോടി ചെലവ് വരുന്ന പൈതൃക പുനര്‍ നിര്‍മാണ പദ്ധതിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. പുനരുജ്ജീവന പദ്ധതിക്ക് ധനസഹായം നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. യു എ ഇ അഞ്ചുകോടി ഡോളറിലധികം തുകയാണ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രണ്ടുകോടി 40 ലക്ഷം ഡോളര്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

Latest