തമിഴ്‌നാട് ഉപ തിരഞ്ഞെടുപ്പ്: മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് കമല്‍ ഹാസന്‍

Posted on: September 22, 2019 5:23 pm | Last updated: September 22, 2019 at 9:49 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വിക്രവാണ്ടി, നങ്കുനേരി നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം (എം എന്‍ എം) മത്സരിക്കില്ലെന്ന് പാര്‍ട്ടി തലവന്‍ കമല്‍ ഹാസന്‍. എ ഐ ഡി എം കെ, ഡി എം കെ കക്ഷികളുടെ അഴിമതി രാഷട്രീയ നാടകവും അധികാര യുദ്ധവുമാണ് ഉപ തിരഞ്ഞെടുപ്പില്‍ നട
ക്കാന്‍ പോകുന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഉപ തിരഞ്ഞെടുപ്പിന്റെ പേരില്‍ നടക്കുന്ന ഈ അഴിമതി രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാകാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.

2021ല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും വിധം ജന പിന്തുണ നേടുന്നതിനുള്ള ചടുലമായ പ്രവര്‍ത്തനങ്ങളാണ് എം എന്‍ എം നടത്തിക്കൊണ്ടിരിക്കുന്നത്. പഴയതും ആവര്‍ത്തിച്ച് അധികാരത്തില്‍ വരുന്നതുമായ രാഷ്ട്രീയ കക്ഷികളെയും അവയുടെ പ്രതിരൂപങ്ങളായ അഴിമതി പാര്‍ട്ടികളെയും നീക്കം ചെയ്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഭരണം കാഴ്ചവെക്കുകയാണ് ലക്ഷ്യം. കമല്‍ ഹാസന്‍ പറഞ്ഞു. ഒക്ടോബര്‍ 21നാണ് ഇരു മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.