വട്ടിയൂര്‍ക്കാവ്: മത്സരിക്കാനില്ലെന്ന് കുമ്മനം, സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും

Posted on: September 22, 2019 4:23 pm | Last updated: September 22, 2019 at 7:30 pm

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. മത്സരിക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തില്‍ ആര് മത്സരിക്കണമെന്നതു സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മത്സരിച്ച താന്‍ തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസും സി പി എമ്മും ഒത്തുകളിക്കുകയും വോട്ട് മറിക്കുകയും ചെയ്തതു കൊണ്ടാണ്. സി പി എം കോണ്‍ഗ്രസിനെ സഹായിച്ചതായി കെ മുരളീധരന്‍ സമ്മതിച്ചിട്ടുള്ളതുമാണ്. വോട്ട് മറിക്കുന്ന ഈ ഏര്‍പ്പാട് സംസ്ഥാനത്ത് കാലങ്ങളായി നടന്നുവരുന്നതാണ്. അത് ഇത്തവണയുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഈ രീതിയിലല്ല, ആദര്‍ശത്തേയും പാര്‍ട്ടി പരിപാടികളെയും ആശ്രയിച്ചാണ് വിജയത്തിനു വേണ്ടി ശ്രമിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.

വ്യക്തി എന്ന നിലയില്‍ താനൊന്നും ചെയ്തിട്ടില്ല. ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും ജയസാധ്യത തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്ന് ഇന്നലെ കുമ്മനം പറഞ്ഞിരുന്നു.