Connect with us

Kerala

പാലാരിവട്ടം പാലം: എടുത്തത് നയപരമായ തീരുമാനമെന്ന് ഇബ്‌റാഹീം കുഞ്ഞ്

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താഴെ നിന്ന് ശിപാര്‍ശ ചെയ്ത ഫയലുകള്‍ കണ്ടിട്ടേയുള്ളൂവെന്നും നയപരമായ തീരുമാനം ആയിരുന്നതിനാല്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും മുന്‍ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ്. തനിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. ബജറ്റില്‍ വകയിരുത്താത്ത പണം നല്‍കാറുണ്ടെന്നും മുന്‍കൂര്‍ പണം നല്‍കുന്നത് അസാധാരണമായി ഒന്നുമില്ലെന്നും ഇബ്‌റാഹീം കുഞ്ഞ് പറഞ്ഞു.

അതിനിടെ, ഇബ്‌റാഹീം കുഞ്ഞിനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ അന്വേഷണ സംഘം തീരുമാനിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും. ഇബ്‌റാഹീം കുഞ്ഞിനെ നേരത്തെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പാലം നിര്‍മാണത്തില്‍ വീഴ്ചയുണ്ടായതായും അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്നും തനിക്ക് അറിയാമായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് അന്ന് അദ്ദേഹം മൊഴി നല്‍കിയത്.

കേസില്‍ ഇബ്റാഹീം കുഞ്ഞിനെതിരായ ആരോപണം കൂടുതല്‍ ശക്തമായി ആവര്‍ത്തിച്ച് കേസിലെ പ്രതിയായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. പാലം നിര്‍മാണത്തിനുള്ള തുക മുന്‍കൂര്‍ നല്‍കാന്‍ മന്ത്രിയാണ് ഉത്തരവിട്ടതെന്നും അന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ എം ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തതെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സൂരജിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

Latest