കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം

Posted on: September 19, 2019 7:00 pm | Last updated: September 19, 2019 at 9:44 pm

കൊല്‍ക്കത്ത: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ഇടത് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ നേരിയ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സുപ്രിയോയുടെ വസത്രം കീറിയതായും റിപ്പോര്‍ട്ടുണ്ട്.

നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എ ബി വി പി സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിക്ക് എത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ. സര്‍വ്വകലാശാല കവാടത്തന് മുമ്പില്‍ ബാബുല്‍ സുപ്രിയോക്ക് ഗോ ബാക്ക് വിളികളുമായി എസ് എഫ് ഐ, എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ ഇടത് വിദ്യാര്‍ഥി പ്രവര്‍ത്തകരും എ ബി വി പി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. സര്‍വ്വകലാശാലയിലേക്ക് ആരെയും കടത്തിവിടാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല.

ഇതിനിടെ കേന്ദ്രമന്ത്രി സ്ഥലത്തെത്തിയപ്പോള്‍ ഉപരോധം ചെറിയ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. വിദ്യാര്‍ഥികള്‍ സുപ്രിയോയെ തള്ളിയതായും സുരക്ഷാ ഉദ്യോഗസഥരും സ്ഥലത്തെത്തിയ വൈസ് ചാന്‍സിലര്‍ സുരഞ്ജന്‍ ദാസ് എത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.