ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവം: പത്ത് സി പി എമ്മുകാര്‍ക്കെതിരെ കേസ്

Posted on: September 19, 2019 2:42 pm | Last updated: September 19, 2019 at 2:42 pm

കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കുന്നത് തടഞ്ഞതുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ സി പി എം അനുഭാവികളായ പത്തു പേര്‍ക്കെതിരെ കേസ്. ബി ജെ പി പ്രവര്‍ത്തകനായ കോഴിക്കോട് എസ് കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

രാജേഷിനെ പത്തോളം പേര്‍ മര്‍ദിച്ചതായി ഭാര്യയാണ് പരാതി നല്‍കിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് എലത്തൂരിലെ കൊട്ടേടത്ത് ബസാറിലുള്ള പഞ്ചിംഗ് സ്റ്റേഷന് സമീപം വച്ചാണ് രാജേഷിന് മര്‍ദനമേറ്റത്. രാജേഷ് എലത്തൂരില്‍ ഓട്ടോ ഓടിക്കുന്നത് സി ഐ ടി യു അംഗങ്ങളായ തൊഴിലാളികള്‍ തടയുകയും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. മര്‍ദനത്തിനിടെ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട രാജേഷ് ഓട്ടോയില്‍ നിന്ന് പെട്രോളെടുത്ത് ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ ഇയാളെ ആദ്യം കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.