Connect with us

National

മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനെതിരെ സൈനിക നടപടി ആലോചിച്ചിരുന്നുവെന്ന്

Published

|

Last Updated

ലണ്ടന്‍: മുംബൈയില്‍ 2011ലുണ്ടായതിനു സമാനമായ ആക്രമണം വീണ്ടുമുണ്ടായാല്‍ പാക്കിസ്ഥാനെ ആക്രമിക്കുന്നതിന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് പദ്ധതിയുണ്ടായിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍. തന്റെ ഓര്‍മക്കുറിപ്പുകളുടെ പുസ്തകമായ ഫോര്‍ ദി റെക്കോഡിലാണ് കാമറൂണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. മന്‍മോഹന്‍ സിംഗ് വിശുദ്ധനായ മനുഷ്യനാണെന്ന് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നു.

2011ലേതിനു സമാനമായ ആക്രമണം മുംബൈയില്‍ വീണ്ടുമുണ്ടായാല്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് മന്‍മോഹന്‍ തന്നോട് പറഞ്ഞിരുന്നതായി പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുമായി പുതിയ പങ്കാളിത്തം വേണമെന്നാണ് നിലപാടാണ് താന്‍ സ്വീകരിച്ചിരുന്നതെന്ന് കാമറൂണ്‍ പറയുന്നു.
അമേരിക്കയുമായുള്ള പ്രത്യേക ബന്ധം പോലെ ഇന്ത്യയുമായും ചൈനയുമായും സവിശേഷ ബന്ധം സ്ഥാപിക്കാനും തനിക്ക് താത്പര്യമുണ്ടായിരുന്നു.

2010 മുതല്‍ 2016 വരെ ബ്രിട്ടീഷ് പ്രധാന മന്ത്രി പദവിയിലിരുന്ന കാമറൂണ്‍ ഇക്കാലയളവിനിടെ മൂന്നു തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനവും പുസ്തകത്തില്‍ പ്രതിപാദ്യ വിഷയമായിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വെബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത്, ബ്രിട്ടീഷ് ഭരണകാലത്ത് കൂട്ടക്കൊല നടന്ന അമൃത്സറിലെ ജാലിയന്‍വാലാ ബാഗില്‍ താന്‍ നടത്തിയ സന്ദര്‍ശനം തുടങ്ങിയവയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ജാലിയന്‍ വാലാബാഗില്‍ നടന്നതെന്നും കാമറൂണ്‍ വ്യക്തമാക്കുന്നു.