ലാൻഡ് ബേങ്കിൽ നിന്ന് ഭൂമി നൽകിയത് 170 പേർക്ക് മാത്രം; കിടപ്പാടമില്ലാതെ 11,000 പട്ടികവർഗ വിഭാഗക്കാർ

Posted on: September 18, 2019 6:18 am | Last updated: September 18, 2019 at 6:20 pm


കൊച്ചി: സംസ്ഥാനത്തെ ഭവനരഹിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പദ്ധതികൾ പലതും ആസൂത്രണം ചെയ്യുമ്പോഴും ഭൂരഹിതരായ പട്ടികവർഗ വിഭാഗക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നടപടിയുണ്ടാകുന്നില്ല. വനമേഖലയോട് ചേർന്ന് കിടക്കുന്ന ആദിവാസികളടക്കമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് കിടപ്പാടം കണ്ടെത്താനാരംഭിച്ച ലാൻഡ് ബേങ്ക് പദ്ധതി പോലും കാര്യക്ഷമമായി നടപ്പാക്കാനായില്ല.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 11,000ത്തോളം പട്ടികവർഗ വിഭാഗക്കാർ ഭൂരഹിതരായുണ്ടെന്നാണ് പുതിയ കണക്ക്. ഇവരിൽ ഭൂരിഭാഗവും വയനാട് ജില്ലയിലാണുള്ളത്. 8,263 പേരാണ് വയനാട്ടിൽ മാത്രം ഭൂരഹിതരായിട്ടുള്ളത്. ഇവരിൽ ഏറിയ കൂറും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. കാസർകോട്-503, പാലക്കാട്-679, കണ്ണൂർ- 264 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഭൂരഹിതരുടെ കൂടിയ കണക്ക്. ഇവർക്കെല്ലാം ഭൂമി കൊടുക്കാൻ വർഷങ്ങളായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും കാര്യമായി നടപ്പാക്കാനായില്ല.

ഇതേത്തുടർന്നാണ് കഴിഞ്ഞ വർഷം മാർച്ചിൽ ഭൂരിഹരിതരായ പട്ടിക വർഗക്കാർക്ക് ഭൂമി വിലക്ക് വാങ്ങി സൗജന്യമായി നൽകുന്നതിന് ലാൻഡ് ബേങ്ക് എന്ന പേരിൽ പദ്ധതി തുടങ്ങിയത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ കഴിഞ്ഞ മാർച്ച് മൂന്നിനാണ് സർക്കാർ പുറപ്പെടുവിച്ചത്. വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി പരിശോധനക്കുശേഷം വിലനിർണയം നടത്തി വാങ്ങി വിതരണം ചെയ്യാനായിരുന്നു നിർദേശം.

ഭൂമി വിൽപ്പനക്ക് തയ്യാറുള്ളവരെ കണ്ടെത്തുന്നതിന് മാധ്യമങ്ങളിലൂടെയും മറ്റുമാണ് പ്രചാരണം നൽകിയിരുന്നത്. ഇതുപ്രകാരം തുടക്കത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നെങ്കിലും പിന്നീട് ഇതിന്റെ പ്രവർത്തനങ്ങൾ പാതിവഴിയിലായി. പദ്ധതി പ്രകാരം പത്ത് സെന്റ് ഭൂമി വീതം വയനാട് ജില്ലയിലെ 170 പേർക്ക് മാത്രമാണ് ഇക്കാലയളവിൽ നൽകാനായത്. ലാൻഡ് ബേങ്കിലേക്ക് ഭൂമി വിൽക്കാൻ 731 പേർമാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ച് വന്നത്. ഇവരിൽ നിന്ന് വാങ്ങിയ 29.76 ഏക്കർ സ്ഥലം ഭൂരഹിതർക്ക് നൽകാനുള്ള നടപടി ഇപ്പോഴും പൂർത്തിയായിട്ടുമില്ല. ഉടമകൾ വിൽപ്പനക്ക് വെച്ച ഭൂമി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, റേഞ്ച് ഓഫീസർ എന്നിവരടങ്ങിയ പഞ്ചായത്ത്തല സമിതി പരിശോധിച്ചാണ് വാസയോഗ്യമാണെന്ന് കണ്ടെത്തേണ്ടത്.
പിന്നീട് ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടറും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമടക്കമുള്ള ജില്ലാതല സമിതി പരിശോധിക്കണം. സ്ഥലപരിശോധന നടത്തി ജില്ലാതല സമിതിയാണ് ഇതിന് വില നിർണയിക്കേണ്ടത്.
ഇതിനുശേഷമാണ് ഈ ഭൂമി വാങ്ങി ഭൂരഹിതർക്കായി നൽകുക. കണ്ണൂർ, പാലക്കാട് (അട്ടപ്പാടി) ഒഴികെ എല്ലാ ജില്ലകളിലും ഭൂമി വാങ്ങുന്നതിനായി സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇത് വിട്ടുനൽകുന്നതിന് കൂടുതൽ പേർ എത്തുന്നില്ലെന്നതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്.

ഉദ്യോഗസ്ഥ തലത്തിൽ ഇത് സംബന്ധിച്ച കാര്യക്ഷമതയില്ലായ്മയും പദ്ധതി നീണ്ടുപോകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. മഴക്കെടുതിയും മറ്റും മൂലം വന മേഖലയോട് ചേർന്ന് കിടക്കുന്ന കോളനികളിലും മറ്റും താമസിക്കുന്ന ആയിരക്കണക്കിന് പട്ടികവർഗവിഭാഗങ്ങൾ ഇപ്പോഴും കടുത്ത ദുരിതത്തിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ആദിവാസികൾക്ക് സഹായകമാകേണ്ട ലാൻഡ് ബേങ്ക് പദ്ധതിയും ഇഴയുന്നത്.