തിരച്ചിൽ വിഫലം; ആശിഖിന്‌ വേണ്ടി പ്രാർഥനയോടെ ജന്മനാട്

Posted on: September 17, 2019 3:04 pm | Last updated: September 17, 2019 at 3:04 pm
ആശിഖ് (23)

പെരുവള്ളൂർ: വിനോദ യാത്രക്കിടെ വെള്ളച്ചാട്ടത്തിലെ കയത്തിൽ കാണാതായ പെരുവള്ളൂർ സ്വദേശിയായ യുവാവിനെ അഞ്ചുദിവസം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ നാട്ടുകാരും രക്ഷാപ്രവർത്തകരും.
കഴിഞ്ഞ ബുധനാഴ്ചയാണ് പറമ്പിൽ പീടിക നടുക്കരയിലെ നാടകശേരി അബ്ദുൽ അസീസിന്റെ മകൻ ആശിഖ് (23) കോടഞ്ചേരി പതങ്കയത്തെ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട്‌ കാണാതായത്. ഉടൻ തന്നെ ഫയർഫോഴ്‌സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പുഴയിൽ അടിക്കടിയുണ്ടാകുന്ന മഴവെള്ളപ്പാച്ചിൽ തിരച്ചിലിന് തടസ്സം സൃഷ്ടിച്ചു.

പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തെ തിരച്ചിൽ ഏറെ ദുഷ്‌കരമാണെന്നതിനാൽ ആധുനിക സംവിധാനം ഉപയോഗിച്ച് പ്രത്യേക പരിശീലനം ലഭിച്ചവർക്ക് മാത്രമേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ എന്നതും രക്ഷാപ്രവർത്തകരെ പ്രയാസപ്പെടുത്തി. ശക്തമായ ഒഴുക്കുള്ള പുഴക്ക് കുറുകെ വടം വലിച്ച് കെട്ടിയാണ് തിരച്ചിൽ നടത്തിയിരുന്നത്.

പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറിയിലെ ജീവനക്കാരനായ ആശിഖ് സഹപ്രവർത്തകർക്കൊപ്പം ഓണാവധിക്ക് വയനാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘം നാട്ടിൽനിന്നും പുറപ്പെട്ടത്. ഒമ്പത് മണിക്ക് പതങ്കയത്ത് എത്തിയ സംഘം പവർഹൗസിന് സമീപം കുളിക്കുന്നതിനിടെ 11 മണിയോടെയാണ് ആശിഖ് അപകടത്തിൽപ്പെട്ടത്. പുത്തൂർ പള്ളിക്കൽ സ്വദേശി സാജിതയാണ് ആശിഖിന്റെ മാതാവ്. ഷംന, ഷഹാന സഹോദരിമാരാണ്.