അമിത് ഷാക്കെതിരെ പ്രതിഷേധം കനക്കുന്നു; കന്നഡയാണ് മുഖ്യമെന്ന് യെദ്യൂരപ്പ, തമിഴാണ് എക്കാലവും മാതൃഭാഷയെന്ന് കമല്‍ ഹാസന്‍

Posted on: September 16, 2019 8:00 pm | Last updated: September 17, 2019 at 11:25 am

ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂയൂരപ്പയും നടനും മക്കള്‍ നീതി മയ്യം നേതാവുമായി കമല്‍ ഹാസനും രംഗത്ത് . രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്നു യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ച് കന്നഡയാണു മുഖ്യം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കു തയ്യാറല്ലെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ . അതു ലംഘിക്കാന്‍ ഒരു ഷാക്കോ സുല്‍ത്താനോ സാമ്രാട്ടിനോ സാധിക്കില്ലെന്നു കമല്‍ ഹാസന്‍ പറഞ്ഞു. ഭാഷയുടെ പേരില്‍ ഏറ്റുമുട്ടല്‍ ഇന്ത്യക്കോ തമിഴ്‌നാടിനോ ആവശ്യമില്ല. എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ തമിഴാണ് എക്കാലവും മാതൃഭാഷയെന്നും കമല്‍ പറഞ്ഞു.

രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദി ഭാഷക്കെ ആകുവെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്ന് ‘ഹിന്ദി ദിവസി’ല്‍ അമിത് ഷാ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ ഭാഷയില്‍ അമിത് ഷായെ എതിര്‍ത്തിരുന്നു.