Connect with us

Kerala

മരട് ഫ്ളാറ്റ് വിഷയം: കേരളത്തിലെ എം പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു; രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പേര്‍ ഒപ്പിട്ടില്ല

Published

|

Last Updated

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ ടി എന്‍ പ്രതാപന്‍ , എന്‍ കെ പ്രേമചന്ദ്രന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല. അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപം കൊണ്ട അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് കത്തില്‍ പറയുന്നത്.

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അതേസമയം മരട് വിഷയത്തില്‍ വ്യത്യസ്ത നിലപാട് ഉള്ളതിനാല്‍ തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും കത്തില്‍ ഒപ്പിട്ടിട്ടല്ല. സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയും കത്തില്‍ ഒപ്പിട്ടിടാതിരുന്നതെന്നാണ് അറിയുന്നത്.

മരടിലേത് പരിസ്ഥിതി പ്രശ്‌നം കൂടിയായതിനാല്‍ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടിഎന്‍ പ്രതാപന്‍ മറ്റു എംപിമാരെ അറിയിച്ചു . രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാല്‍ എന്‍കെ പ്രേമചന്ദന്‍ എംപിയും കത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല. കേരളത്തിലെ ഏക ഇടതുപക്ഷ എംപിയായ എഎം ആരിഫ് കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. അതേ സമയം ഫഌറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിച്ചതോടെ നോട്ടീസ് നല്‍കാനെത്തിയ മരട് നഗരസഭാ സെക്രട്ടറിയേയും ഉദ്യോഗസ്ഥരേയും ഫഌറ്റുടമകള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

Latest