മോട്ടോര്‍ വാഹന നിയമപ്രകാരം കാളവണ്ടിക്ക് പിഴ ചുമത്തി പോലീസ്

Posted on: September 16, 2019 1:48 pm | Last updated: September 16, 2019 at 1:48 pm

ഡെറാഡൂണ്‍: മോട്ടോര്‍ വാഹന നിയമപ്രകാരം കാളവണ്ടി ഉടമയ്ക്ക് ആയിരം രൂപ പിഴ ചുമത്തി പോലീസ്. കാളവണ്ടിക്ക് എം വി ആക്ട് അനുസരിച്ച് പിഴ ചുമത്താന്‍ വ്യവസ്ഥയില്ലെന്ന് മനസിലാക്കിയ പോലീസ് പിന്നീട് ചലാന്‍ റദ്ദാക്കി. ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള സഹാസ്പൂരിലെ ചാര്‍ബ ഗ്രാമത്തിലാണ് സംഭവം.

കാളവണ്ടി ഉടമയായ റിയാസ് ഹസ്സന്‍ തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി പാര്‍ക്ക് ചെയ്തിരുന്നു. രാത്രി സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഈ വണ്ടി കണ്ടു. തുടര്‍ന്ന് നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1,000 രൂപയുടെ ചലാന്‍ കൈമാറുകയായിരുന്നു.

തന്റെ വാഹനം സ്വന്തം വയലിനു പുറത്ത് നിര്‍ത്തിയതിന് എങ്ങനെ പിഴ ഈടാക്കുമെന്ന് പൊലീസിനോട് ചോദിച്ചതായി ഹസ്സന്‍ പറഞ്ഞു. കാളവണ്ടികള്‍ എംവി ആക്ടില്‍ ഉള്‍പെടില്ലെന്നിരിക്കെ എംവി ആക്ട് അനുസരിച്ച് പിഴ ഈടാക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ തെറ്റ് മനസ്സിലാക്കിയ പോലീസ് ചലാന്‍ റദ്ദാക്കുകയായിരുന്നു.

അനധികൃത മണല്‍ ഖനനം നടക്കുന്ന മേഖലയാണിത്. ഇവിടെ മണല്‍ കടത്തിന് കാളവണ്ടികള്‍ ഉപയോഗിക്കുന്നത് പതിവാണ്. റിയാസിന്റെ കാളവണ്ടി ഇതിന് ഉപയോഗിക്കുന്നുവെന്ന് സംശയിച്ചാണ് പോലീസ് നടപടിക്ക് തുനിഞ്ഞത്. ഐപിസി പ്രകാരം പിഴ ഈടാക്കേണ്ടതിന് പകരം എംവി ആക്ടിന്റെ ചലാനില്‍ പിഴ എഴുതി നല്‍കുകയായിരുന്നു.