ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം; സംഘര്‍ഷാവസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചു

Posted on: September 12, 2019 1:51 pm | Last updated: September 12, 2019 at 1:51 pm

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം അണിനിരന്നതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് ഭാഗത്തുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിച്ചു. പാങ്‌ഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്താണ് ഏറ്റുമുട്ടലിനായി ഇരു വിഭാഗവും തയാറെടുത്ത്
നിന്നത്. എന്നാല്‍ പിന്നീട് നടന്ന നയതന്ത്രതല ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

തടാകത്തിന്റെ വടക്കന്‍ ഭാഗത്ത് ഇന്ത്യന്‍ സേനയുടെ സാന്നിധ്യം ചൈനീസ് സേന ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷ സ്ഥിതിയുണ്ടായത്. തിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള തടാക ഭാഗത്തിന്റെ ഭൂരിഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ കഴിഞ്ഞ മാസം ചൈന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് അസ്വീകാര്യമാണെന്നും ചൈന വ്യക്തമാക്കി. വിഷയത്തില്‍ പാക് നിലപാടിന് പിന്തുണ പ്രഖ്യാപിച്ച ഒരേയൊരു രാജ്യമാണ് ചൈന.