മരട്: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹരജി നല്‍കാനൊരുങ്ങി ഫ്‌ളാറ്റുടമകള്‍

Posted on: September 12, 2019 10:37 am | Last updated: September 12, 2019 at 4:58 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹരജി നല്‍കാനൊരുങ്ങി ഉടമകള്‍. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഒപ്പിട്ട ഹരജി ഇ-മെയില്‍ ആയി അയക്കാനാണ് നീക്കം. ഇതോടൊപ്പം 140 എം എല്‍ എമാര്‍ക്കും നിവേദനം നല്‍കും. വിഷയത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും തങ്ങളുടെ ജീവിതം സംരക്ഷിക്കണമെന്നും ഹരജിയില്‍ അഭ്യര്‍ഥിക്കും.

തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ്, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച് ടു ഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്്‌ളാറ്റുകളില്‍ കഴിയുന്നവര്‍ അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സെപ്തംബര്‍ 20ന് മുമ്പ് ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കും. ഫ്‌ളാറ്റ് ഒഴിയാനുള്ള ഉത്തരവ് സാമാന്യ നീതിയുടെ നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ടുള്ള ഹരജിയാണ് സമര്‍പ്പിക്കുക. ഇതിനിടെ, നിലവിലെ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നഗരസഭാ സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് കൈമാറി.