Connect with us

Aksharam Education

ഓണക്കഥ

Published

|

Last Updated

മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും

ഓണവും മാവേലിയും ചർച്ചാവിഷയമാകുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് മഹാബലി ചരിതത്തിലെ ഈ വരികളായിരിക്കും.തന്റെ പ്രജകളുടെ ക്ഷേമത്തിനായി ജീവിച്ച മഹാബലിയെ, വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ മഹാബലി ആവശ്യപ്പെട്ടത് വർഷത്തിലെ ഒരു ദിവസം പ്രജകളെ കാണാൻ അനുവദിക്കണമെന്നതായിരുന്നു. അങ്ങനെ ശ്രാവണമാസത്തിലെ തിരുവോണ നാളിൽ മഹാബലിക്കു വേണ്ടി ഇന്നും കാത്തിരിപ്പ് തുടരുന്നു. ഇതാണ് ഐതിഹ്യം.

ഓണത്തിലെ
ഐതിഹ്യം

ഓണത്തിന്റെ ആരംഭത്തെക്കുറിച്ച് വിവിധ ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. മഹാബലിയുടെ സന്ദർശന നാളാണ് ഓണമായി ആഘോഷിക്കുന്നത് എന്നതാണ് ഏറ്റവും പ്രചാരമുള്ള ഐതിഹ്യം. കേരളം ഭരിച്ചിരുന്ന ബുദ്ധരാജാവിനെ പുറത്താക്കി ആര്യമതം സ്ഥാപിച്ചതിന്റെ ഓർമക്കാണ് ഓണം ആഘോഷിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. കേരളത്തിലെ വിളവെടുപ്പ് കാലമാണ് ഓണമായി മാറിയതെന്നുള്ള ഐതിഹ്യവും നിലവിലുണ്ട്. കേരളം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന പരശുരാമന്റെ സന്ദർശനമാണ് ഓണം എന്നും വാമനന്റെ പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവമാണ് പിന്നീട് ഓണമായി മാറിയതെന്നും ഐതിഹ്യമുണ്ട്.

ഓണത്തല്ല്

പണ്ടത്തെ നാടു വാഴികളാണ് ഓണത്തല്ല് തുടങ്ങിവെച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കളരിയഭ്യാസികളുടെ അടവുകൾ പ്രയോഗിക്കാനുള്ള അവസരമായാണ് ഓണത്തല്ല് ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് അഭ്യാസികളല്ലാത്തവരും ഓണത്തല്ലിൽ പങ്കെടുത്ത് തുടങ്ങി. രണ്ട് ചേരികളായി തിരിഞ്ഞാണ് ഓണത്തല്ല് നടത്തുക. തല്ലാണെന്ന് കരുതി ഏതു വിധത്തിലും എതിരാളിയെ തല്ലാൻ ആർക്കും അധികാരമില്ല. കൈപ്പത്തി കൊണ്ടുള്ള അടിയല്ലാതെ മുഷ്ടി ചുരുട്ടിയുള്ള അടി അനുവദിക്കില്ല. കാല് കൊണ്ടുള്ള ചവിട്ടും പാടില്ല. ഓണത്തല്ല് നിയന്ത്രിക്കാൻ ചാതിക്കാരൻ എന്ന പേരിലറിയപ്പെടുന്ന റഫറി ഉണ്ടാകും. ചാണകം മെഴുകിയ കളത്തിൽ വെച്ചാണ് തല്ല് നടക്കുക. ഓരോ ചേരിയിലേയും എതിരാളിക്ക് തുല്യനായ എതിരാളി മറു ചേരിയിൽ നിന്നും ഇറങ്ങിയാണ് തല്ല് ആരംഭിക്കുക. ഏതെങ്കിലും ഒരു ടീം വിജയിക്കുന്നതു വരെ ഈ തല്ല് തുടരണം. കൈയാങ്കളി, ഓണപ്പട എന്നീ പേരുകളിലും ഓണത്തല്ല് അറിയപ്പെടുന്നു.

ഓണത്തുള്ളൽ

രണ്ട് സ്ത്രീകൾ ചേർന്ന് നടത്തുന്ന തുള്ളലാണിത്. തലയിൽ കിരീടവും കൈയിൽ കുരുത്തോലയുമാണ് വേഷം. പുരുഷന്മാർ തുടി കൊട്ടുകയും മഹാബലിയെ വാഴ്ത്തുന്ന പാട്ടുകൾ പാടുകയും ചെയ്യും.

കുമ്മാട്ടിക്കളി

തിരുവോണ ദിവസം കുട്ടികളും യുവാക്കളും ചേർന്നാണ് കുമ്മാട്ടിക്കളി നടത്തുക. ഹൈന്ദവ പുരാണ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ചാണ് കുമ്മാട്ടിക്കളി നടക്കുക. കളിക്കാർ ദേഹത്തണിയുന്ന കുമ്മാട്ടിപ്പുല്ലിൽ നിന്നാണ് കുമ്മാട്ടിക്കളി എന്ന് പേരുണ്ടായത്.

ഓണത്താർ

ഓണത്തിന് ഉത്തര കേരളത്തിൽ കെട്ടിയാടുന്ന തെയ്യമാണ് ഓണത്താർ. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ഈ തെയ്യം വീടുകളിൽ സന്ദർശനം നടത്തും. പാലക്കാട് ജില്ലയിൽ ഓണത്തിന് കെട്ടിയാടുന്ന തെയ്യമാണ് ഓണപ്പൊട്ടൻ. ഈ തെയ്യവും ഉത്രാടം, തിരുവോണം ദിവസങ്ങളിൽ വീടുകളിൽ സന്ദർശനം നടത്താറുണ്ട്.

പുലികളി

കടുവകളിയെന്നും ഈ വിനോദത്തിന് പേരുണ്ട്. പുലികളുടെ വേഷം ധരിച്ച പുരുഷന്മാരാണ് ഈ കളിയിൽ പങ്കെടുക്കുക. പുലിയുടെ മുഖംമൂടി ധരിക്കുന്നതോടൊപ്പം ശരീരത്തിൽ പുലിയുടേത് പോലെ വരകളുണ്ടാക്കിയും വാലണിഞ്ഞും ചെണ്ടവാദ്യങ്ങളോടെയാണ് പുലികളി നടക്കുന്നത്.
.

Latest