പരിശീലനത്തിന് സൗകര്യമൊരുക്കിയില്ല; പ്രീ സീസൺ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങുന്നു

Posted on: September 11, 2019 6:12 pm | Last updated: September 11, 2019 at 6:15 pm

പ്രീസീസണ്‍ പരിശീലനത്തിനായി യു എ ഇ യിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മത്സരങ്ങള്‍ ഒഴിവാക്കി ഇന്ത്യയിലേക്ക് തിരികെ മടങ്ങുന്നു. ഏറെ പ്രതീക്ഷകളുമായി യൂഎഇയില്‍ എത്തിയ ടീമിന് യാത്രകള്‍ക്കും പരിശീലനത്തിലും വേണ്ട വിധത്തില്‍ സൗകര്യങ്ങള്‍ ലഭ്യമായില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് മടക്കം. കേരളത്തില്‍ തന്നെയായിരിക്കും ഇനി കൊമ്പന്മാരുടെ പ്രീസീസണ്‍ പരിശീലനം. ഐഎസ്എല്ലിന് മുന്നോടിയായി ഇന്ത്യന്‍ ക്ലബ്ബുകളുമായി സന്നാഹമത്സരങ്ങള്‍ കളിച്ചേക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് സാധിച്ചില്ല. വിദേശ താരങ്ങളടക്കമുള്ള ടീമിനും ഡച്ച് കോച്ച് എല്‍കോ ഷറ്റോരിക്കും താമസസൗകര്യം തുടങ്ങി ഭക്ഷണം മുതല്‍ പരിശീലനത്തിന് വരെ ഒരുക്കിയ സൗകര്യങ്ങള്‍ തൃപ്തിയായില്ല. ഇതേതുടര്‍ന്നാണ് വിദേശപരിശീലനം മതിയാക്കി നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്നത്.

പ്രവാസി ആരാധകരില്‍ നിന്നും നല്ല തുക ഈടാക്കിയാണ് പ്രീ സീസണ്‍ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്. സെപ്റ്റംബര്‍ നാലിനാണ് ടീം  യു എ ഇയിലെത്തിയത്. സെപ്റ്റംബര്‍ 28 വരെ ബ്ലാസ്റ്റേഴ്‌സ് യൂഎഇയില്‍ തുടരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. യുഎഇയില്‍ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ദിബ അല്‍ ഫുജൈറ ക്ലബ്ബുമായി നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു.

“ആരാധകർക്ക് നിരാശ പകരുന്ന വാർത്തയാണ് ഇതെന്നറിയാം. ടീമിൻെറ മത്സരം കാണാനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ടീം അംഗങ്ങളുടെ ആത്മാഭിമാനം വളരെ പ്രധാനമാണ്. അത് കൊണ്ട് തന്നെ യുഎഇയിലെ പ്രീ സീസൺ ടൂർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണ്,” കേരള ബ്ലാസ്റ്റേഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

യു എ ഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാരായിരുന്ന മിര്‍ച്ചി സ്‌പോര്‍ട്‌സിന്റെ വിശദീകരണം