പാക്കിസ്ഥാന് തിരിച്ചടി; കാശ്മീര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമില്ലെന്ന് യുഎന്‍

Posted on: September 11, 2019 4:46 pm | Last updated: September 12, 2019 at 11:04 am

യുണൈറ്റഡ് നാഷന്‍സ്: കാശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടില്‍ യുഎന്‍ ഉറച്ചുനില്‍ക്കുകയാണെന്നും യുഎന്നിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് വ്യക്തമാക്കി.

ഇന്ത്യാ, പാക് പ്രധാനമന്ത്രിമാരുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവിഭാഗത്തോടും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് സെക്രട്ടറി ജനറല്‍ സ്വീകരിച്ചതെന്ന് സ്റ്റീഫന്‍ പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിലാണ് പാക്കിസ്ഥാന്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്. കാശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും കാശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും അതിനാല്‍ വിഷയത്തില്‍ യുഎന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമായിരുന്നു യോഗത്തില്‍ പാക് വിദേശകാര്യ മന്ത്രിയുടെ നിലപാട്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിംഗ് യോഗത്തില്‍ വ്യക്തമാക്കി.