Connect with us

National

അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശ് പി സി സിയിലെ തര്‍ക്കം; സോണിയ നേരിട്ടിടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശ് പി സി സിയില്‍ അധ്യക്ഷ പദവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെടും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും നിലവിലെ പി സി സി അധ്യക്ഷനുമായ കമല്‍നാഥുമായി അവര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. എന്നാല്‍, അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗും.

ജോതിരാദിത്യ സിന്ധ്യയുമായി ഇന്നലെ കൂടിക്കാഴ്ച നടത്താനാണ് സോണിയ ആദ്യം തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. മുഖ്യമന്ത്രിയായ സ്ഥിതിക്ക് കമല്‍നാഥ് പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യയും അനുകൂലികളും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷ സ്ഥാനത്തു തുടരുന്നതിനെതിരെ സിന്ധ്യ പലതവണ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. സിന്ധ്യയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണവും നടന്നു.

പല മന്ത്രിമാരും എം എല്‍ എമാരും
സിന്ധ്യയെ പി സി സി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും സിന്ധ്യ മുഴക്കിയിട്ടുണ്ട്.

Latest