ജസ്റ്റിസ് ദീപക് ഗുപ്ത പറഞ്ഞുവെച്ചത്‌

Posted on: September 11, 2019 11:06 am | Last updated: September 11, 2019 at 11:06 am


നിലവിലെ സാഹചര്യത്തില്‍ അതീവ പ്രസക്തമാണ് രാജ്യദ്രോഹത്തെ സംബന്ധിച്ച സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്തയുടെ അഭിപ്രായങ്ങള്‍. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാകില്ല. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളെ വിലക്കുകയാണെങ്കില്‍ ജനാധിപത്യ രാജ്യത്തിനു പകരം നമ്മുടേത് പോലീസ് രാജായി മാറും. ജനങ്ങള്‍ക്ക് സര്‍ക്കാറിനെ ഭയക്കേണ്ടതില്ലാത്ത സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാകുന്നത്. അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ദീപക് ഗുപ്ത ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
സര്‍ക്കാറിന്റെ നടപടികളില്‍ വിയോജിക്കുന്നത് രാജ്യദ്രോഹമാക്കി മുദ്രകുത്തുന്ന പ്രവണത സ്വാതന്ത്ര്യ സമരസേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥാന തത്വത്തിന് എതിരാണ്. അധികാരത്തിലിരിക്കുന്നത് ഏത് സര്‍ക്കാറാകട്ടെ, അതിനെ വിമര്‍ശിക്കാനുള്ള എല്ലാവിധ അവകാശവും ജനങ്ങള്‍ക്കുണ്ട്. ഭൂരിപക്ഷവാദം നിയമമാക്കാന്‍ പറ്റില്ല. സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്നു കരുതി ന്യൂനപക്ഷാഭിപ്രായങ്ങളെ കേള്‍ക്കാതിരിക്കാനാകില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഒരുപോലെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല വ്യക്തിപരമായാണ് താന്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നീതി നിഷേധങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍, സാമ്പത്തിക രംഗത്തെ അസമത്വങ്ങള്‍, ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള വിവേചനങ്ങള്‍ എന്നിവയൊക്കെ വര്‍ധിച്ചു വരികയാണ് ഇന്ന് രാജ്യത്ത്. ഹിന്ദുത്വ തീവ്രവാദികള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്ത് താണ്ഡവമാടുകയാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു നേരെ രാജ്യ വ്യാപകമായി ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നു. മുസ്‌ലിംകളും ക്രൈസ്തവരും ഇന്ത്യ വിടണമെന്നു പോലും പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്ന വിധം അവരുടെ വര്‍ഗീയ ഭ്രാന്ത് രൂക്ഷമായിട്ടുണ്ട്. ദേശീയതക്കും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയുയര്‍ത്തുന്ന ഇത്തരമാളുകളെ നിലക്കു നിര്‍ത്താന്‍ ബാധ്യതയുള്ള ഭരണകൂടം കുറ്റകരമായ മൗനത്തിലുമാണ്. ഈ വക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയോ ഇപ്പേരില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയോ ചെയ്താല്‍ അവരെ ഭരണഘടനയിലെ 124 എ വകുപ്പ് ഉപയോഗപ്പെടുത്തി രാജ്യദ്രോഹികളായി മുദ്രകുത്തി കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്യുന്നു. ഇതായിരിക്കണം ജസ്റ്റിസ് ദീപക് ഗുപ്തയുടെ മേല്‍ പരാമര്‍ശങ്ങള്‍ക്ക് പ്രേരകം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ദേശീയ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനും സ്വാതന്ത്ര്യസമര സേനാനികളെ നിശ്ശബ്ദരാക്കാനും ബ്രിട്ടീഷ് ഭരണാധികാരികള്‍ കൊണ്ടുവന്ന നിയമമാണ് യഥാര്‍ഥത്തില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ്. രാജ്യം സ്വതന്ത്രമാകുകയും അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവില്‍ വരികയും ചെയ്തതോടെ 124 എക്ക് പ്രസക്തിയില്ലാതായിട്ടുണ്ട്. “പൗരന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി രൂപവത്കരിച്ച വകുപ്പെ’ന്നാണ് ഗാന്ധിജി ഈ വകുപ്പിനെ കുറിച്ച് പറഞ്ഞത്. പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഈ നിയമത്തിനെതിരായിരുന്നു. ലോക്‌സഭയിലെ തന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവേ, “124 എ വകുപ്പ് നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്. പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ 124 എ വകുപ്പ് ഭരണഘടനയില്‍ തുടരാന്‍ പാടില്ല’ എന്നാണദ്ദേഹം പറഞ്ഞത്. എന്നിട്ടും ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ കരിനിയമം ബ്രിട്ടീഷ് ഭരണാധികാരികള്‍ അവരുടെ ഭരണത്തിനെതിരെ ഉയരുന്ന വിയോജന ശബ്ദങ്ങള്‍ക്കെതിരെ ഉപയോഗിച്ചതു പോലെ ഇന്നിപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം പൗരാവകാശം സംബന്ധിച്ചുള്ള വിയോജന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നുവെന്നത് വിരോധാഭാസമാണ്.

രാജ്യദ്രോഹക്കുറ്റം സര്‍ക്കാര്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ രാജ്യത്ത് നിരവധിയാണ്. അസാമിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യപുരസ്‌കാര ജേതാവുമായ ഹിരണ്‍ ഗോഹയി, കര്‍ഷക പ്രക്ഷോഭ നേതാവ് അഹല്‍ ഗോഗോയി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മല്‍ജിത്ത് മഹന്ത, കനയ്യ കുമാര്‍, ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്‌ല റാഷിദ് തുടങ്ങിയവര്‍ ഈ നിയമത്തിന്റെ സമീപ കാലത്തെ ഇരകളാണ്. ലോക്‌സഭ പാസ്സാക്കിയ നിര്‍ദിഷ്ട പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസ്താവന നടത്തിയതിനാണ് ഹിരണ്‍ ഗോഹയിക്കും അഹല്‍ ഗോഗോയിക്കും മല്‍ജിത്ത് മഹന്തക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ് ഷെഹ്‌ല റാഷിദ് ചെയ്ത തെറ്റ്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ രാജ്യദ്രോഹ നിയമത്തിന് കീഴില്‍ കേസെടുക്കപ്പെട്ടവരുടെയോ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ പട്ടിക പരിശോധിച്ചാല്‍ ഭൂരിഭാഗവും ജനകീയ സമര നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായിരിക്കും. ഭരണകൂട ഭാഷ്യത്തിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുവെന്നത് ഒരിക്കലും ഒരു വ്യക്തിയെ രാജ്യദ്രോഹ നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യാന്‍ തക്ക അധികാരം ഭരണഘടന സര്‍ക്കാറിന് നല്‍കുന്നില്ല. ഭരണഘടനയുടെ ലംഘനമാണ് ഈ വകുപ്പനുസരിച്ച് ഇപ്പോള്‍ ചുമത്തുന്ന കേസുകളിലും അറസ്റ്റുകളിലും ഏറെയും. ജസ്റ്റിസ് ദീപക് ഗുപ്ത ഉയര്‍ത്തിയ അഭിപ്രായത്തില്‍ ഊന്നി രാജ്യദ്രോഹ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് എടുത്ത് കളയുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ശക്തമാകേണ്ടതാണ്.