കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമം; സമാന്തര പ്രചാരണത്തില്‍ നിന്ന് പിന്മാറി ജോസഫ് വിഭാഗം

Posted on: September 10, 2019 8:41 pm | Last updated: September 11, 2019 at 1:25 pm

കോട്ടയം: പാല ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിലുയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമം. സമവായത്തിന് ഒരുക്കമാണെന്ന് ജോസ് കെ മാണി – പി ജെ ജോസഫ് പക്ഷങ്ങള്‍ യു ഡി എഫ് ഉപ സമിതി ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെയാണിത്. സമാന്തര പ്രചാരണത്തില്‍ നിന്ന് പിന്മാറുന്നതായി ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മോന്‍സ് ജോസഫ് എം എല്‍ എ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. യു ഡി എഫിന്റെ പൊതു സ്ഥാനാര്‍ഥിക്കായി ജോസഫ് വിഭാഗം പ്രചാരണത്തിനിറങ്ങുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും വ്യക്തമാക്കി. മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തിനിറങ്ങാമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചില ഉപാധികള്‍ മുന്നോട്ടു വച്ചതായി സൂചനയുണ്ട്. പ്രചാരണത്തിനിടെ തങ്ങള്‍ക്കെതിരെ കൂവലുയര്‍ന്നതും ജോസഫിനെതിരെ ‘പ്രതിച്ഛായയില്‍’ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതുമെല്ലാം ഉപ സമിതി യോഗത്തില്‍ ജോസഫ് വിഭാഗം ഉയര്‍ത്തി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് യു ഡി എഫ് ജോസഫിന് നല്‍കിയിട്ടുണ്ട്. പ്രചാരണത്തിനിറങ്ങുമോ എന്ന് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കള്‍ പോകേണ്ടതില്ലല്ലോ’ എന്ന മറുപടിയാണ് ജോസഫ് ആദ്യം നല്‍കിയത്. പ്രചാരണത്തിനിറങ്ങുമെന്ന് ഇപ്പോഴും ഉറപ്പു പറയുന്നില്ലെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ, പ്രചാരണത്തിനിറങ്ങുമെന്ന വിശദീകരണവുമായി ജോസഫ് രംഗത്തെത്തി.

ജോസഫിനെ അപമാനിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയതിനാലാണ് മുന്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുന്നതെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. എന്നാല്‍, ജോസഫ് വിഭാഗം ഉപാധികളൊന്നും മുന്നോട്ടു വച്ചിട്ടില്ലെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെ പ്രതികണം.