മോട്ടോര്‍ വാഹന നിയമ ലംഘനം: പിഴത്തുക വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍

Posted on: September 10, 2019 8:01 pm | Last updated: September 11, 2019 at 9:37 am

ഗാന്ധിനഗര്‍: പുതിയ മോട്ടോര്‍ വാഹന ചട്ട പ്രകാരം സെപ്തംബര്‍ ഒന്നു മുതല്‍ ഈടാക്കിവന്ന പിഴത്തുകയില്‍ വെട്ടിക്കുറവ് വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. വന്‍ പിഴ ഈടാക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പിഴത്തുകയില്‍ കുറവു വരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

പുതിയ ഭേദഗതി പ്രകാരം ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാലും സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിച്ചാലും ആയിരം രൂപയാണ് പിഴയീടാക്കിയിരുന്നത്. ഇത് ഗുജറാത്തില്‍ നേര്‍പകുതിയാക്കി (500) കുറച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരില്‍ നിന്ന് 2000വും കാര്‍ ഉള്‍പ്പടെയുള്ള ലൈറ്റ് വെഹിക്കിള്‍ മോട്ടോര്‍ വാഹന യാത്രക്കാരില്‍ നിന്ന് 3000ഉം രൂപ ഈടാക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. നേരത്തെ ഈടാക്കിയിരുന്ന പിഴ വലിയ തോതില്‍ വര്‍ധിപ്പിച്ചതിനാലാണ് ഇളവ് വരുത്തിയതെന്നും പരിശോധനയും പിഴയീടാക്കലും കര്‍ശനമായി തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.