പെൻസിൽ മുനയിൽ വിശുദ്ധനാമങ്ങൾ കൊത്തിയെടുത്ത് മുഹമ്മദ് ആശിഫ്

Posted on: September 10, 2019 1:12 pm | Last updated: September 10, 2019 at 1:12 pm
പെൻസിൽ മുനയിൽ തീർത്ത വിശുദ്ധ നാമങ്ങള്‍, മുഹമ്മദ് ആശിഫ്

വേങ്ങര: പെൻസിൽ മുനയിൽ അല്ലാഹുവിന്റെ നാമങ്ങൾ കൊത്തിയെടുത്ത് വിസ്മയം തീർത്ത പ്ലസ് ടു വിദ്യാർഥി ശ്രദ്ധേയനാകുന്നു. ചെറമംഗലം സ്വദേശി പുത്തൻ മരക്കാനകത്ത് മുഹമ്മദ് ആശിഫ്(18)ആണ് അപൂർവ കലാവിരുതുമായി ശ്രദ്ധേയനാകുന്നത്. ഒരൊറ്റ പെൻസിലിൽ തന്നെ മലയാള അക്ഷരങ്ങൾ പൂർണമായും കൊത്തിയെടുത്താണ് ആശിഫ് ഏറെ ശ്രദ്ധേയനായത്.

നാല് മാസം മുമ്പാണ് ഇത്തരത്തിലുള്ള ഒരു ആശയം സുഹൃത്ത് കൈമാറിയത്. തുടർന്ന് എട്ട് ബി ഇനം പെൻസിൽ വാങ്ങി പെൻസിലിലെ മരം ചുരണ്ടി ഒഴിവാക്കി ലഡ്ഡ് മാത്രമാക്കി മാറ്റി. തുടർന്ന് ബ്ലൈഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ ചുരണ്ടിയെടുത്താണ് ശിൽപ്പങ്ങൾ തയ്യാറാക്കിയത്. ആനയും മരവും, ചൂണ്ടയിടുന്ന മനുഷ്യൻ, കാലും ബോളും തുടങ്ങിയവ വിജയകരമായി തീർത്തതോടെ അക്ഷരങ്ങളെന്ന സാഹസികതയും പരീക്ഷിച്ച് വിജയം കണ്ടു. ഇതാണ് മുഴുവൻ മലയാള അക്ഷരങ്ങളും ഒരു പെൻസിൽ ലെഡ്ഡിൽ തീൽക്കാൻ കാരണമായത്. ഈ കലക്ക് റെക്കോർഡുകളും തേടിയെത്തി. ഇന്ത്യ ബുക്ക് ഓഫ് റെക്കോൽഡ്, യൂനിവേഴ്‌സൽ റെക്കോർഡ് തുടങ്ങിയ അവാർഡുകളാണ് ഈ ശിൽപ്പത്തിന് നൽകിയത്.
തുടർന്നാണ് അല്ലാഹുവിന്റെ പതിനാറ് നാമങ്ങൾ അറബിയിൽ പെൻസിൽ ലെഡ്ഡിൽ കൊത്തിയെടുത്തത്. അതിശൂക്ഷ്മമായി ശ്രദ്ധിച്ചാൽ മാത്രമേ ശിൽപ്പങ്ങൾ വായിച്ചെടുക്കാനാകൂ. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഈ കലാകാരൻ അശ്‌റഫ്-സുൽഫത്ത് ദമ്പതികളുടെ മകനാണ്. വേങ്ങരയിൽ നടക്കുന്ന പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ സ്പർശം പ്രദർശനത്തിലെ ആശിഫിന്റെ സൃഷ്ടികൾ ശ്രദ്ധേയമാകുന്നുണ്ട്.