Connect with us

Articles

മുഹര്‍റം ആരാധനകളിലെ പൂര്‍വീക പാത

Published

|

Last Updated

പരമ്പരാഗതമായി ലോക മുസ്‌ലിംകള്‍ ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണുകയും തികഞ്ഞ പ്രാധാന്യത്തോടെ പുലര്‍ത്തിപ്പോരുകയും ചെയ്യുന്ന രണ്ട് ദിനങ്ങളാണ് മുഹര്‍റം ഒമ്പതും പത്തും. മഹത്തുക്കളുടെ അനുസ്മരണത്തിനും അവരുടെ ചരിത്രങ്ങളെ അയവിറക്കുന്നതിനും ഇസ്‌ലാമില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഈ രണ്ട് ദിനങ്ങള്‍ക്കുള്ള പവിത്രതയിലൂടെ നമുക്ക് ബോധ്യമാകും.

മുഹര്‍റം ആദ്യ പത്തില്‍ നോമ്പനുഷ്ടിക്കല്‍ പലര്‍ക്കും പതിവുള്ളതാണ്. പ്രത്യേകിച്ച് ഒമ്പത്, പത്ത് ദിനങ്ങള്‍. സ്വഹീഹ് മുസ്‌ലിമില്‍ വ്യക്തമാക്കുന്നു, നബി (സ്വ) ആശൂറാഅ് (മുഹര്‍റം പത്ത്) ദിനത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നബി (സ്വ)യോട് ചോദിക്കുകയുണ്ടായി: “അല്ലയോ റസൂലുല്ലാ, തീര്‍ച്ചയായും ഈ ദിവസം യഹൂദികളും നസ്വാറാക്കളും ആദരിച്ച ദിവസമല്ലേ..?” നബി(സ്വ) പറഞ്ഞു: “അടുത്ത വര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്‍ശാ അല്ലാഹ് നമ്മള്‍ മുഹര്‍റം ഒമ്പതിനും നോല്‍ക്കും. ഇതു പ്രകാരം തുടര്‍ന്നങ്ങോട്ട് വിശ്വാസികള്‍ രണ്ട് ദിനവും പ്രത്യേകമായി നോമ്പനുഷ്ടിക്കുന്നു. ഇമാം നവവി (റ) ശറഹുല്‍മുഹദ്ദബില്‍ പറയുന്നു, സൂക്ഷ്മത കൂടെ ഇതിലൂടെ ലഭ്യമാകുന്നു. ചന്ദ്രപിറവിയിലെ വ്യതിയാനം സാധ്യതയുള്ളതിനാല്‍ ആശൂറാഇന്റെ പവിത്രത നഷ്ടപ്പെടുന്നതിനെ സൂക്ഷിക്കാന്‍ കഴിയുന്നു.

മുഹര്‍റം പത്തിന് നോമ്പ് നോല്‍ക്കുന്നതു പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അന്ന് കുടുംബത്തില്‍ വിശാലത ചെയ്യല്‍. അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം, നബി(സ്വ) പറയുന്നു: “ആശൂറാഅ് ദിനത്തില്‍ മക്കള്‍ക്കും കുടുംബക്കാര്‍ക്കും വിശാലത ചെയ്താല്‍ ആ വര്‍ഷത്തിലെ ബാക്കിയുള്ള ദിനങ്ങളില്‍ അല്ലാഹു അവനും വിശാലത ചെയ്യുന്നതാണ്. ജാബിര്‍(റ) ഇത് പരീക്ഷിച്ചറിഞ്ഞു വെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇബ്നു ഉയയ്‌ന(റ) 60 വര്‍ഷത്തോളം ഇത് ചെയ്ത് അനുഭൂതി നേടിയതായും മിസ്ബാഹുല്‍ അനാം വബഹ്ജത്തുല്‍ അനാം എന്ന കിതാബില്‍ പറയുന്നു.
ഈ രണ്ട് ദിനങ്ങളില്‍ പ്രത്യേകമായി പുലര്‍ത്തേണ്ട അദ്കാറുകളും ഉണ്ട്. അവ കൂടെ വിശ്വാസികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പൊതു ജനങ്ങള്‍ക്കായി ഇത്തരം ദിക്‌റുകളുടെ സദസ്സ് വര്‍ഷങ്ങളോളമായി സംഘടിപ്പിക്കാറുണ്ട്.

ഉപ്പ ഞങ്ങളോടൊപ്പം വളരെ ചെറുപ്പത്തില്‍ വീട്ടില്‍ ആചരിക്കുകയും നിത്യമായി കൊണ്ടു നടക്കുകയും ചെയ്ത കാര്യങ്ങളാണതെല്ലാം. മുഹര്‍റം ഒമ്പതിലെയും പത്തിലെയുമെല്ലാം സദസ്സുകള്‍ വീട്ടില്‍ ഉപ്പ സ്ഥിരമായി സംഘടിപ്പിക്കുമായിരുന്നു. മുദർരിസായപ്പോള്‍ ഇത്തരം കര്‍മങ്ങള്‍ എന്റെ വീട്ടില്‍ മാത്രം പോരാ എന്നു തോന്നി. അങ്ങനെ കോണോംപാറ മുദർരിസായി വന്നപ്പോള്‍ അതിനെ ദര്‍സിലേക്ക് വ്യാപിപ്പിച്ചു. പിന്നീട് പൊതുജനങ്ങളിലേക്കും. ഹളറമൗത്തില്‍ പോയപ്പോള്‍ അവിടെ വളരെ വിപുലമായി തന്നെ ഇത്തരം ആചാരങ്ങള്‍ നിര്‍വഹിക്കുന്നത് കണ്ടു. കിതാബുകളിലതിന്റെ രേഖ കാണുന്നത് പിന്നീടാണ്. ചുരുക്കത്തില്‍, നമ്മുടെ പൂര്‍വീകര്‍ നമുക്ക് പകര്‍ന്നതിന്റെ തെളിവന്വേഷിക്കുന്നതിന് പകരം അവര്‍ പകര്‍ന്നതിനെ അതുപോലെ ഉള്‍ക്കൊള്ളുക എന്നതാണ്. ഒരടിസ്ഥാനവുമില്ലാതെ അവരതിനെ ജീവിതത്തിന്റെ ഭാഗമാക്കില്ല.

Latest