Connect with us

National

സിഖ് വിരുദ്ധ കലാപ കേസില്‍ കമല്‍നാഥിനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെതിരെ കുരുക്ക് മുറുക്കി കേന്ദ്ര സര്‍ക്കാര്‍. കേസില്‍ കമല്‍നാഥിന്റെ പങ്ക് പുനരന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കേസിലെ ഒരു ദൃക്‌സാക്ഷിയാണ് കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനെക്കുറിച്ചു ആരോപണം ഉന്നയിച്ചത്. എന്നാല്‍ കമല്‍നാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജന്‍സി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് കമല്‍നാഥിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിഖ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും കമല്‍നാഥിനെതിരെ തിരിഞ്ഞത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്‌ലര്‍ എന്നിവരെ കൂടാതെ കമല്‍നാഥും പ്രതിയാണെന്നാണ് ആരോപണം.

സെന്‍ട്രല്‍ ഡല്‍ഹിയിലെ റകബ്ഗഞ്ച് ഗുരുദ്വാരയ്ക്ക് പുറത്ത് കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് ദൃക്‌സാക്ഷിയുടെ മൊഴി. കലാപ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകനും കമല്‍നാഥിന്റെ സാന്നിധ്യത്തെക്കുറിച്ചു സംഭവം അന്വേഷിച്ച നാനാവതി കമ്മിഷന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി സമ്മതിച്ച കമല്‍നാഥ് താന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് അവിടെയെത്തിയതെന്നാണ് വിശദീകരിച്ചത്. ഇതിനെത്തുടര്‍ന്നു കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനു തെളിവില്ലെന്നു അന്വേഷണ കമ്മിഷന്‍ അറിയിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു.

Latest