Connect with us

Gulf

അബുദാബി ടോള്‍: രജിസ്ട്രേഷന്‍ സൗജന്യം; ഒക്ടോബര്‍ 15 കഴിഞ്ഞാല്‍ 100 ദിര്‍ഹം

Published

|

Last Updated

അബുദാബി: ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ടോള്‍ സംവിധാനത്തിന് മുന്നോടിയായി അബുദാബിയിലെ കാര്‍ ഉടമകള്‍ക്ക് ഇപ്പോള്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. രജിസ്‌ട്രേഷന്‍ ഡി ഒ ടി വെബ്സൈറ്റ് വഴിയോ ഏതെങ്കിലും അബുദാബി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ (ഐ ടി സി) വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്ന് അബുദാബി ഗതാഗത വകുപ്പ് (ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍) അറിയിച്ചു.
ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പ്രാദേശിക ഗതാഗത മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി അബുദാബിയിലെ പ്രധാന പാലങ്ങളായ ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബിന്‍ സായിദ് ബ്രിഡ്ജ്, അല്‍ മക്താ ബ്രിഡ്ജ്, മുസ്സഫ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ അടുത്ത ഘട്ടത്തില്‍ കമ്പനി വാഹനങ്ങളും ഉള്‍പ്പെടുമെന്നും ഇത് സമീപഭാവിയില്‍ പ്രഖ്യാപിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

അബുദാബി നഗരത്തിലേക്ക് പോകുന്ന റോഡുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ടോള്‍ സിസ്റ്റം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചു ഡി ഒ ടി വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും വേേു:െ//റീ.േഴീ്.മയൗറവമയശ. 2019 ഒക്ടോബര്‍ 15 ന് മുമ്പ് അബുദാബി എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. അക്കൗണ്ട് വിശദാംശങ്ങള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് അബുദാബി പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു വാചക സന്ദേശം ലഭിക്കും.

2019 ഒക്ടോബര്‍ 15 ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 100 ദിര്‍ഹം രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരും. മറ്റ് എമിറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറുകളുടെ ഉപയോക്താക്കള്‍ ടോള്‍ ഗേറ്റുകള്‍ കടക്കുന്നതിന് ഒരു വാഹനത്തിന് 100 ദിര്‍ഹം, രജിസ്‌ട്രേഷന്‍ ഫീസായി 50 ദിര്‍ഹവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് 50 ദിര്‍ഹമുമായി 100 ദിര്‍ഹം ടോള്‍ ഫീസ് നല്‍കണം. ടോള്‍ ഗേറ്റുകള്‍ മുറിച്ചുകടക്കുന്ന രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് പത്തു ദിവസത്തെ ഗ്രേസ് പിരീഡ് നല്‍കും, അതിനുശേഷം ദിവസവും 100 ദിര്‍ഹം പിഴ ഈടാക്കും, ഇത് പരമാവധി 10,000 ദിര്‍ഹം വരെ എത്തും.

Latest